നെടുങ്കണ്ടത്ത്‌ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിച്ച് ബിജെപി

single-img
2 August 2021

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം തോവാളപ്പടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഏറെ നാളായി സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന ഇവിടെ ആര്‍എസ്എസ് തോവാളപ്പടി ശാഖാ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്.

ആക്രമണത്തിന്റെ പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി ആരോപിച്ചു. നെടുങ്കണ്ടം 11-ാം വാര്‍ഡ് വനിത മെമ്പര്‍ വാക്‌സിന്‍ വിതരണം രാഷ്ട്രീയം നേട്ടത്തിനായി ഉപയോഗിക്കുന്നതായി ആരോപിച്ച് ബിജെപി നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മേസ്തിരിപണി ചെയ്യുന്ന പ്രകാശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായാറാഴ്ച രാത്രി 9.45നു തോവാളപ്പടിയില്‍ മാരകായുധങ്ങളുമായെത്തിയ സംഘം പ്രകാശ് ഓടിച്ചിരുന്ന ജീപ്പ് തടഞ്ഞ് നിര്‍ത്തിയ ശേഷമാണ് അക്രമം നടത്തിയത്.

ആക്രമണത്തില്‍ സാരമായി പരുക്കേറ്റ പ്രകാശിന്റെ മുഖത്തും കൈയ്ക്കും കാലിനും പരുക്കുണ്ട്. മൂന്ന് ബൈക്കുകളിലെത്തിയ സംഘം വാഹനം തടഞ്ഞ ഉടനെ മുന്‍വശത്തെ ഗ്ലാസ് കമ്പിവടിക്ക് അടിച്ച് തകര്‍ത്തു. പിന്നാലെ മുഖത്തിനും കൈയ്ക്കും വെട്ടുകയായിരുന്നു. ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രകാശ് പറഞ്ഞു.