വ്യാപാര സ്ഥാപനങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല: മുഖ്യമന്ത്രി

single-img
13 July 2021

സംസ്ഥാനത്തെ കോഴിക്കോട് ജില്ലയില്‍ കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാപാരികളുടെ പ്രതിഷേധം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വ്യാപാരികള്‍ ആവിശ്യപ്പെടുന്ന പോലെ കടകള്‍ തുറക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല. സാഹചര്യങ്ങളാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ക്ക് കാരണം. എവിടെയെല്ലാം ഇളവ് നല്‍കാന്‍ പറ്റുമോ, അതെല്ലാം പരമാവധി അനുവദിച്ച് നല്‍കുന്നുണ്ട്. ജനങ്ങളുടെ ജീവന് അപകടം വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കോഴിക്കോട് ജില്ലയില്‍ കടകള്‍ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ സാധിക്കുമെങ്കിലും ആ ആവശ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മള്‍ ഇനിയും കൈവരിച്ചിട്ടില്ല.

കടകള്‍ തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പക്ഷെ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് വൈറസ് ബാധ പടര്‍ന്നു പിടിച്ച് ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോര്‍ക്കണം. നമ്മുടെ നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്.

അതുകൊണ്ടുതന്നെ അവയെ ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. പ്രസ്തുത വിഷയത്തില്‍ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാനും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. “