സിപിഎമ്മിനെ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ’ എന്ന് തിരുത്തേണ്ട സമയമായി: ഷാഫി പറമ്പില്‍

single-img
26 June 2021

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടിയപിന്നാലെ ഇതുമായി ബന്ധപ്പെട്ട് രാമനാട്ടുകരയില്‍ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എം എല്‍ എ.

ഇപ്പോള്‍ സ്വര്‍ണക്കടത്ത് വാര്‍ത്തയുടെ ഓരോ തുമ്പും അവസാനിക്കുന്നത് സി പി എമ്മിലാണെന്നും ആ പാര്‍ട്ടി മാഫിയ പ്രവര്‍ത്തകരെ സംഘടന വത്കരിച്ചുവെന്നും ഷാഫി പറമ്പില്‍ ആരോപിക്കുന്നു. സിപിഎമ്മിലെ മുതിര്‍ന്നവരുടെ മാഫിയ തലവന്‍ കൊടി സുനിയാണെങ്കില്‍ ഡി വൈ എഫ്ഐ യ്ക്കും എസ്എ ഫ്ഐ ക്കും ആകാശ് തില്ലങ്കേരിയും, അര്‍ജുന്‍ ആയങ്കിയുമാണ് മാഫിയ തലവന്മാര്‍.

ഇവരാകട്ടെ പിടിക്കപ്പെടുമ്പോള്‍ പാര്‍ട്ടി ബന്ധമില്ലെന്ന് പറയുകയാണ്,’ ഷാഫി പറമ്പില്‍ പറഞ്ഞു.സോഷ്യല്‍ മീഡിയകളില്‍ ഇവര്‍ പിണറായി വിജയനെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകളാണ് നടത്തുന്നതെന്നും റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുത്ത ചിത്രങ്ങള്‍ വരെ പുറത്ത് വന്നിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ ആരോപിക്കുന്നു. ഇവരുടെ പിടപെടലുകള്‍ നടന്ന പല കേസുകളില്‍ നിന്നും പാര്‍ട്ടിയുമായുള്ള ബന്ധം വ്യക്തമാണ്. സി പി എമ്മിനെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന് മാറ്റേണ്ട സമയമായെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.