പ്രശ്സ്ത ഛായാഗ്രാഹകനും സംവിധായവനുമായ ശിവന്‍ അന്തരിച്ചു

single-img
24 June 2021

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട് . പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നിരവധി നേതാക്കളുടെ രാഷ്ട്രീയ ജീവിതം കാമറയില്‍ പകര്‍ത്തി. ചെമ്മീന്‍ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു. 1959 ല്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച ശിവന്‍സ് സ്റ്റുഡിയോയുടെ ഉടമയാണ്.

തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നീട് കേരളത്തിലെയും ആദ്യ ഗവണ്‍മെന്റ് പ്രസ് ഫോട്ടോഗ്രാഫറാണ്. കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയടക്കം നിരവധി പ്രാധാനമുഹൂര്‍ത്തങ്ങളുടെ ഫോട്ടൊഗ്രാഫറാണ്.

മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിന്റെ സംവിധായകനായിരുന്നു . സ്വപ്നം, യാഗം, കൊച്ചു കൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനിയമ്മയുടെയും ആറു മക്കളില്‍ രണ്ടാമനാണ് ശിവന്‍. പരേതയായ ചന്ദ്രമണിയാണ് ഭാര്യ.