സ്ത്രീധനത്തിനെതിരെ സംസ്ഥാനവ്യാപകമായി ഡിവൈഎഫ്ഐ ക്യാമ്പയിന്‍

single-img
22 June 2021

സ്ത്രീധനം എന്ന ദുരാചാരത്തിനെതിരെ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ. ‘അഭിമാനത്തോടെ ഞാന്‍ പറയും, സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല’ എന്ന ക്യാമ്പയിനാണ് സംസ്ഥാനത്ത് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി എ എ റഹീം ആണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം

‘അഭിമാനത്തോടെ ഞാന്‍ പറയും .
സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല’
സംസ്ഥാന കാമ്പയിന്‍ – DYFI
സ്ത്രീധനം ഒരു സാമൂഹ്യ തിന്മയാണ്.
നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും പെണ്‍കുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു. അതിലേറെ പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു. ഇതിന് അറുതി വരുത്തേണ്ട സമയമായി.
ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരില്‍ പൊലിഞ്ഞുപോകരുത്.
പെണ്‍കുട്ടികള്‍ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്.
നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല,
സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്‌കൃത ആചാരം ഇന്നും തുടരുന്നത്.
ഒരു ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതില്‍ അളന്നുതൂക്കിയ പണത്തിനോ ആര്‍ഭാടത്തിനോ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥാനവുമില്ല. സോഷ്യല്‍ സ്റ്റാറ്റസിന്റെ വികലമായ പൊതുബോധം എത്രപേരെയാണ് ആജീവനാന്തം കടക്കാരാക്കുന്നത്? ആര്‍ഭാടത്തിനും പണത്തിനും പെണ്ണിനെക്കാളും പരസ്പരബന്ധത്തെക്കാളും മൂല്യം നിശ്ചയിക്കുന്ന നടപ്പുരീതി എത്ര
ജീവനാണ് അവസാനിപ്പിച്ചത്. സ്ത്രീധനം സൃഷ്ടിച്ച വലിയ ദുരന്തങ്ങളെക്കുറിച്ചുമാത്രമാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. എന്നാല്‍ എരിഞ്ഞുജീവിക്കുന്ന പെണ്‍ജീവിതങ്ങള്‍, ഉരുകുന്ന രക്ഷകര്‍ത്താക്കള്‍ ഒട്ടേറെയാണ്. നമുക്കരികില്‍, നമ്മില്‍ പലരുടെയും വീട്ടില്‍ ഇതുപോലെ എത്രയോപേര്‍….ഇനി ഒരാള്‍ കൂടി സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടില്ല എന്ന് നമുക്ക് തീരുമാനിക്കണം.
രാഷ്ടീയ ഭേദമന്യേ മുഴുവന്‍ പേരോടും ഈ കാംപയിനില്‍ പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ‘