ഡെല്‍റ്റ പ്ലസ് വകഭേഗം സ്ഥിരീകരിച്ച പത്തനംതിട്ടയിലും പാലക്കാടും അതീവ ജാഗ്രത; പരിശോധനകള്‍ കൂട്ടുമെന്ന് ആരോഗ്യവകുപ്പ്

single-img
22 June 2021

കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തില്‍ ജാഗ്രത വര്‍ധിപ്പിച്ചു. പത്തനംതിട്ട കടപ്രയില്‍ ഒരാള്‍ക്കും പാലക്കാട് രണ്ട് പേര്‍ക്കുമാണ് കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പാലക്കാട് ജില്ലയിലെ പറളി, പിരായരി, പഞ്ചായത്തുകളിലെ രണ്ട് സ്ത്രീകളിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. രണ്ടിടത്തും ജാഗ്രത ശക്തമാക്കുമെന്ന് ഡിഎംഒ ആരോഗ്യവകുപ്പ് അറിയിച്ചു.

50 വയസ്സില്‍ താഴെയുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. ഇരുവര്‍ക്കും രോഗം ഭേദമായി. പറളിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ ലക്ഷണങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ പിരായനിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ ലക്ഷണങ്ങളുണ്ടായിരുന്നു. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മെയ് മാസം 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. ഇപ്പോള്‍ കുട്ടി കൊവിഡ് നെഗറ്റീവാണ്. രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചിട്ടുണ്ട്