കനിഹ നായികയാകുന്ന ‘പെര്‍ഫ്യൂം’ട്രെയിലര്‍ പുറത്തിറക്കി

single-img
17 June 2021

കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ‘പെര്‍ഫ്യൂം’ ഒടിടി റിലീസിനൊരുങ്ങുന്നു. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ‘പെര്‍ഫ്യൂമിന്റെ ഇതിവൃത്തം.

ഒരു നഗരത്തില്‍ അപ്രതീക്ഷിതമായി ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. നഗരത്തില്‍ കഴിയുന്ന വീട്ടമ്മയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് അതൊരു കെണിയായി തീരുമ്പോഴുണ്ടാകുന്ന സ്ത്രീയുടെ നിസ്സഹായതയും ചിത്രം ഒപ്പിയെടുക്കുന്നു. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിന്റെ പൊട്ടിത്തെറികളുമൊക്കെ പെര്‍ഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഹരിദാസ് പറഞ്ഞു. നാഗരിക ജീവിതത്തിലെ പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, ദിലീപ്, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.