അകലെ ആ ആകാശ പനിനീര്‍ പൂന്തോപ്പില്‍..! ഇല്ല ഓര്‍മകള്‍ക്ക് മരണമില്ല, നടന്‍ സുകുമാരന്‍ ഓര്‍മയായിട്ട് 24 വര്‍ഷം

single-img
16 June 2021

വേറിട്ട അഭിനയവും ശക്തമായ സംഭാഷണശൈലിയും സുകുമാരനെ മലയാള ചലച്ചിത്ര വേദിയില്‍ വ്യത്യസ്തനാക്കി. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരന്‍ വിടവാങ്ങിയിട്ട്  24 വര്‍ഷം. പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ യുവതലമുറ നെഞ്ചിലേറ്റി. ഭാഷയിലുള്ള കയ്യടക്കം മറ്റുള്ള നടന്‍മാരില്‍ സുകുമാരനെ വ്യത്യസ്തനാക്കി. ചടുലമായ സംഭാഷണങ്ങളിലൂടെ സുകുമാരന്‍ കാണികളെ ഇളക്കിമറിച്ചു.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്ദരബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകനായാണ്. എംടിയുടെ നിര്‍മാല്യത്തില്‍ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് സുകുമാരന്റെ സിനിമയിലെത്തിയത്. എന്നാല്‍ സുകുമാരന്റെ സ്ഥാനം സിനിമയില്‍ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ‘ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്. വളര്‍ത്തുമൃഗങ്ങള്‍ ,വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന് ,സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ സുകുമാരന്‍ വേഷമിട്ടു. സ്ഫോടനം, മനസാ വാചാ കര്‍മണാ, അഗ്നിശരം തുടങ്ങി എത്രയോ ഉദാഹരങ്ങള്‍. പ്രതിഫലതര്‍ക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുകുമാരന്‍ ഇടപെടുകയും നീതി ഉറപ്പുവരുത്തുകയും ചെയ്തത് സിനിമാലോകത്ത് പതിവില്ലാത്ത കാഴ്ചയായിരുന്നു. 

കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍ , മമ്മൂട്ടി നായകനായ പടയണി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായി. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മകള്‍ ചലച്ചിത്രമാക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സുകുമാരന്‍ യാത്രയായത്.