സംസ്ഥാനത്ത് ബെവ്ക്യൂ ആപ്പ് ഒഴിവാക്കി; മദ്യ വില്‍പ്പന നാളെ തുടങ്ങും

single-img
16 June 2021

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ വില്‍പന ശാലകളും ബാറുകളും നാളെ തന്നെ തുടങ്ങും. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹ്യ അകലം ഉറപ്പുവരുത്തി വില്‍പന നടത്താനാണ് തീരുമാനം. പ്രവര്‍ത്തന സജ്ജമാകാന്‍ ദിവസങ്ങളെടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. ഏപ്രില്‍ 26 നാണ് സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ അടച്ചത്.

തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വില്‍പന നടത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പാണ് പരിഗണിക്കുന്നത്. എന്നാല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാക്കാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചിരിക്കുന്നത്.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളില്‍ മദ്യ വില്‍പ്പനക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വില്‍പ്പനശാലകളെ ആപ്പില്‍ നിന്ന് ഒഴിവാക്കണം തുടങ്ങിയ പ്രായോഗിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കിയത്.