നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു

single-img
16 June 2021

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. രക്താര്‍ബുദം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട് പറമ്പില്‍ സ്വദേശിയാണ്.

മരംപെയ്യുന്നു, കര്‍ക്കടകം, കുരുടന്‍ പൂച്ച, രാച്ചിയമ്മ, കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മരംപെയ്യുന്നു എന്ന കൃതിക്ക് 2010ല്‍ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിട്ടുണ്ട്. അബുദാബി ശക്തി പുരസ്‌കാരവും എ ശാന്തകുമാറിനെ തേടിയെത്തിയിട്ടുണ്ട്.

എ ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാഹിത്യ അക്കാഡമിയുടെയും സംഗീതനാടകഅക്കാഡമിയുടെയും അവാർഡുകൾ നേടിയ ശാന്തകുമാർ ആഗോളവൽക്കരണത്തിന്റെ കെടുതികൾ  തുറന്നുകാട്ടിയ നാടകത്തോടെയാണ് ശ്രദ്ധേയനായത്. നന്നേ ചെറുപ്പത്തിൽത്തന്നെ ജനപ്രതിനിധിയായ ശാന്തകുമാർ സാമൂഹികപ്രതിബദ്ധതയുള്ള ഒട്ടേറെ നാടകങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം തേടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.