സത്യത്തില്‍ ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടപ്പെട്ട സ്ഥലത്ത് പോവാന്‍ കഴിയില്ലായിരുന്നു, സ്വാതന്ത്രത്തെക്കുറിച്ച് വീണ നന്ദകുമാര്‍ പറയുന്നു

single-img
15 June 2021

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തില്‍ റിന്‍സി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് വീണ നന്ദകുമാര്‍. താന്‍ ജീവിതത്തില്‍ നേരിട്ടിട്ടുള്ള അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വീണ. ഏറ്റവും കൂടുതലായി ജീവിതത്തില്‍ ഫൈറ്റ് ചെയ്തിട്ടുള്ളത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് വീണ പറയുന്നു.

എന്തു ചെയ്യുമ്പോഴും എല്ലാവരും ജഡ്ജ് ചെയ്യുമായിരുന്നു. അത് മലയാളിയായതുകൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. ബോംബെയില്‍ നിന്ന് നാട്ടില്‍ വരുമ്പോഴാണ് അത്തരം കാര്യങ്ങള്‍ അധികവും ഉണ്ടായിട്ടുള്ളതെന്നും വീണ പറയുന്നു.

ഇഷ്ടമുള്ളപ്പോ ഇഷ്ടമുള്ളിടത്ത് പോവാന്‍ വീട്ടില്‍ നിന്ന് സമ്മതിക്കുമായിരുന്നില്ല. നമുക്ക് ഇഷ്ടം തോന്നുന്ന കാര്യങ്ങള്‍ എന്താണെങ്കിലും, ആരെയെങ്കിലും കാണാനാണെങ്കിലും എവിടെയെങ്കിലും പോവാനാണെങ്കിലും എല്ലാവരും ഇക്കാര്യങ്ങളെ ജഡ്ജ് ചെയ്യുമെന്നും വീണ അഭിമുഖത്തില്‍ പറഞ്ഞു. കരിയറിന്റെ കാര്യത്തിലും താന്‍ ഏറെ ഫൈറ്റ് ചെയ്തിട്ടുണ്ടെന്നും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് വെല്ലുവിളിയാണെന്നും വീണ കൂട്ടിച്ചേര്‍ത്തു.

കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം വേറെയും കഥാപാത്രങ്ങള്‍ വരുന്നുണ്ടെന്നും മറ്റ് ഇവന്റുകളും കിട്ടിത്തുടങ്ങിയെന്നും വീണ പറഞ്ഞു.