കൊവിഡ് വന്നവര്‍ക്ക് വാക്സിനേഷന്‍ വേണ്ടെന്ന് പുതിയ പഠനം

single-img
11 June 2021

ആസൂത്രിതമല്ലാത്ത വാക്സിനേഷന്‍ വകഭേദം വന്ന വൈറസിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് വിദഗ്ധ സംഘം. കൊവിഡ് രോഗം വന്നവര്‍ക്ക് വാക്സിനേഷന്റെ ആവശ്യമില്ലെന്നും സംഘം. ഇക്കാര്യം വ്യക്തമാക്കി വിദഗ്ധ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപ്പോര്‍ട്ട് നല്‍കി. രാജ്യത്തെ ആരോഗ്യമേഖലയിലെ ഉന്നതരടങ്ങിയ സംഘത്തിന്റേതാണ് വിലയിരുത്തല്‍. വിവേചനരഹിതവും അപൂര്‍ണവുമായ വാക്സിനേഷന്‍ നടപടി വകഭേദംവന്ന വൈറസിന്റെ ആവിര്‍ഭാവത്തിന് കാരണമാകും. ഒരിക്കല്‍ കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് വാക്സിനേഷന്‍ ആവശ്യമില്ലെന്നും സംഘം സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നതിലുണ്ടായ അപാകം മൂലമാണ് വലിയ തോതിലുള്ള മരണമുണ്ടായതെന്ന് അന്താരാഷ്ട്ര ആരോഗ്യ വിദഗ്ധരുടെ സംഘം വിലയിരുത്തി. യുകെയിലെയും ഇന്ത്യയിലെയും വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംയുക്ത സംഘത്തിന്റേതാണ് ഈ കണ്ടെത്തല്‍. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സംഘത്തിന്റെ പ്രസ്താവന. മേയ് മൂന്ന് മുതല്‍ ജൂണ്‍ അഞ്ച് വരെയുള്ള കാലയളവില്‍ ആദ്യ ഡോസ് വാക്സിന്‍ കൂടുതലായി നല്‍കിയത് 45 വയസിന് താഴെയുള്ളവര്‍ക്കായിരുന്നു. 60 വയസിന് മുകളിലുള്ള 7.70 കോടി പേര്‍ക്ക് വാക്സിന്‍ ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടാം തരംഗത്തില്‍ ഉള്‍പ്പെടെ അനുബന്ധ രോഗങ്ങളുള്ള കുട്ടികളിലാണ് കൊവിഡ് കൂടുതല്‍ ഭീഷണിയായതെന്ന് ഡല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.