സംസ്ഥാനത്ത് കെ.മുരളീധരന്‍ യു.ഡി.എഫ് കണ്‍വീനറായേക്കും, അന്തിമ തീരുമാനം ഉടന്‍

single-img
10 June 2021

യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് കെ.മുരളീധരനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. കെ.മുരളിധരന്‍ തയ്യാറായില്ലെങ്കില്‍ മാത്രം മറ്റ് പേരുകള്‍ പരിഗണിച്ചാല്‍ മതിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. കെ.സുധാകരന്‍, വി.ഡി.സതീശന്‍ ടീമില്‍ മൂന്നാമനായി കെ. മുരളീധരന്‍ എത്തിയേക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നേമത്തെ വെല്ലുവിളി ഏറ്റെടുത്ത കെ. മുരളീധരനെ കേരളത്തിലെ ഉന്നത സംഘടനാ നേതൃത്വത്തില്‍ എത്തിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം.

കെ. മുരളീധരന്റെ മനസറിയാന്‍ നിര്‍ദേശം നല്‍കിയ രാഹുല്‍ ഗാന്ധി മുരളീധരന്‍ സന്നദ്ധനായില്ലെങ്കില്‍ മാത്രം മറ്റൊരു പേരിലേക്ക് നീങ്ങിയാല്‍ മതിയെന്ന നിലപാടിലാണ്. പ്രധാനപാര്‍ട്ടിയായ കോണ്‍ഗ്രസിന് വലിയ വിട്ടുവീഴ്ചകള്‍ക്ക് വര്‍ഷങ്ങളായ് മുന്നണിയില്‍ വഴങ്ങേണ്ടി വരുന്നുണ്ട്.

അഞ്ചാം മന്ത്രി മുതലുള്ള ഇത്തരം വഴങ്ങിക്കൊടുക്കലുകള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടാക്കിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കെ. മുരളീധരനെ കണ്‍വീനറാക്കുക വഴി മുന്നണിയില്‍ കോണ്‍ഗ്രസിന് പിടിമുറക്കാനാകും എന്ന് കോണ്‍ഗ്രസ് ദേശീയ നേത്യത്വം കരുതുന്നു. കേരളത്തില്‍ സമ്പൂര്‍ണ പുനഃസംഘടനയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം. ബൂത്ത് തലം മുതല്‍ പുനഃസംഘടന ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉള്ള നടപടികളാകും ഉണ്ടാകുക. പോഷക സംഘടനകളിലെ നേതൃത്വത്തിലും മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകും.