വീണ്ടും ഇരുട്ടടി; ഇന്ധനവില വര്‍ധിച്ചു

single-img
7 June 2021

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 41 പൈസയും ഡീസലിന് 91 രൂപ 86 പൈസയുമായി. മെട്രോ നഗരമായ മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. ജൂണ്‍ മാസം ഇത് നാലാം തവണയാണ് തുടര്‍ച്ചയായി ഇന്ധനവില കൂടുന്നത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. 

തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധന കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്തെ സാധാരണക്കാരെ വലച്ചിരിക്കുകയാണ്. ഇന്ധന വില കുറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

കോഴിക്കോട് പെട്രോളിന് 95.68 രൂപയും, ഡീസലിന് 91. 03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും , ഡീസലിന് 92. 31 രൂപയുമാണ്. വയനാട്ടിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100 രൂപ കടന്നു. ബത്തേരിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയാണ് വില. ബത്തേരിയിൽ മാത്രമാണ് വില നൂറ് കടന്നത്.