ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു; 1,00,636 പുതിയ കേസുകള്‍

single-img
7 June 2021

രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 1,00,636 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനം കുറയുന്ന ഘട്ടത്തില്‍ 2427 ആണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 94 ശതമാനത്തിലേക്ക് അടുക്കുകയാണ്.

14 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ആകെ കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലെ ആകെ മരണ സംഖ്യ ഒരു ലക്ഷം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 6.3 ശതമാനത്തിലെത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവാണിത്.

ഇന്ത്യയില്‍ കുട്ടികളിലെ കൊവിഡ് വാക്സിന്‍ പരീക്ഷണം ഇന്നാരംഭിക്കും.ഡല്‍ഹി എയിംസിലാണ് പരീക്ഷണം നടത്തുക. വരും ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ എത്തുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.

അതേ സമയം കൊവിഡ് വാക്സിന്‍ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കിയേക്കും. ഇത് സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദിപ് സിങ്പുരി അറിയിച്ചു. നേരത്തെ ആഭ്യന്തര വിമാന യാത്രയ്ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തുന്ന ചര്‍ച്ചയിലായിരിക്കും അന്തിമ തീരുമാനമെടുക്കുക.