കെ.പി.സി.സി. അധ്യക്ഷന്‍: പ്രഖ്യാപനം വൈകാന്‍ സാധ്യത

single-img
3 June 2021

കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിക്കും മുമ്പ് സംസ്ഥാന കോണ്‍ഗ്രസിലെ എല്ലാ വശങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും വിശദമായി മനസ്സിലാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എം.പി.മാരില്‍ നിന്നും എം.എല്‍.എ.മാരില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെയടക്കം അടിസ്ഥാനത്തിലാവും തീരുമാനമെന്നതിനാല്‍ പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അശോക് ചവാന്‍ സമിതി തെളിവെടുപ്പിനു ശേഷം വിവരങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്. തോല്‍വിയുമായും തുടര്‍സംഭവങ്ങളുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സോണിയയോട് തങ്ങളുടെ അഭിപ്രായവും അറിയിച്ചിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയാകട്ടെ മൗനം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇനിയും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാതെ എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന തീരുമാനം എടുക്കുകയെന്നതാവും ഹൈക്കമാന്‍ഡിന്റെ നയം. കേരളത്തിന്റെ കാര്യമായതിനാല്‍ അധ്യക്ഷ എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാതിരിക്കുക എന്ന സമീപനമാണ് മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും സ്വീകരിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുമായി ആലോചിച്ച ശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക.

നിലവില്‍ കെ. സുധാകരന്റെ പേരിനുതന്നെയാണ് മുന്‍തൂക്കമെങ്കിലും കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് വലിയതോതില്‍ വോട്ടു ചോര്‍ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ മറ്റൊരു വര്‍ക്കിങ് പ്രസിഡന്റായ കെ.വി. തോമസിനെ പരിഗണിച്ചുകൂടെന്നുമില്ല. എന്നാല്‍ ഇവരാരുമല്ലാതെ പുതിയ തലമുറയില്‍പ്പെട്ട ജനകീയ അടിത്തറയുള്ളവരെ അധ്യക്ഷനാക്കുന്ന കാര്യവും തള്ളിക്കൂടെന്നുതന്നെയാണ് ലഭിക്കുന്ന സൂചന.