കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു, അവശ്യസാധനങ്ങള്‍ക്ക് വിലകൂടുന്നു; ഇന്ധനവില കൂട്ടുന്നത് കേന്ദ്രം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി

single-img
2 June 2021
pinarayi vijayan

ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന നിലപാടില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും സി എച്ച് കുഞ്ഞമ്പുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ക്രൂഡോയിലിന് അന്താരാഷ്ട്ര കമ്പോളത്തില്‍ വില കുറയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ വര്‍ദ്ധന വരുത്തുന്ന രീതി അവസാനിപ്പിക്കണം. പെട്രോള്‍-ഡീസല്‍ വില നിയന്ത്രണം 2010 ലും 2014 ലും കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയശേഷം ഇന്ധന വില ക്രമാനുഗതമായി ഉയരുകയാണ്. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡോയില്‍ വില താഴുമ്പോള്‍ അതിന്റെ നേട്ടം രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്ന് ഉയര്‍ത്തിയ അവകാശവാദം വെറുതെയായി. വില താഴുമ്പോള്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വില താഴാതെ പിടിച്ചുനിര്‍ത്തുകയാണ് ചെയ്യുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ ആറു വര്‍ഷക്കാലത്തിനുള്ളില്‍ പെട്രോളിന്മേലും ഡീസലിന്മേലുമുള്ള കേന്ദ്ര നികുതി 307 ശതമാനം വര്‍ദ്ധിപ്പിച്ചു. 2021 ല്‍ ഇതിനകം പെട്രോള്‍-ഡീസല്‍ വില 19 തവണ വര്‍ദ്ധിച്ചു. 2021 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിന്‍മേല്‍ ചുമത്തിയിരുന്ന 67 രൂപ എക്‌സൈസ് തീരുവയില്‍ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട ബേസിക് എക്‌സൈസ് തീരുവ.ഈ അവസ്ഥ നിലനില്‍ക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന വിചിത്രവാദമുയര്‍ത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞു.