പുതിയ വായ്പകള്‍ക്കായി 2670 കോടി രൂപ നബാര്‍ഡ് ധനസഹായം

single-img
2 June 2021

പുതിയ ഹൃസ്വകാല വായ്പകള്‍ നല്‍കുന്നതിനായി നബാര്‍ഡ് കേരള സംസ്ഥാന സഹകരണ ബാങ്കിനും കേരള ഗ്രാമീണ ബാങ്കിനുമായി 2670 കോടി രൂപയുടെ സഹായം വിതരണം ചെയ്തു. സംസ്ഥാന സഹകരണ ബാങ്കിന് 870 കോടി രൂപ ഹൃസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിനും 800 കോടി രൂപ ഹൃസ്വകാല കാര്‍ഷികേതര വായ്പകള്‍ നല്‍കുന്നതിനും ഉപയോഗിക്കാം. കേരള ഗ്രാമീണ ബാങ്കിനുള്ള 1000 കോടി രൂപയുടെ ധനസഹായം ഹൃസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിനാണ്.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് 2021 ഏപ്രിലില്‍ സ്പെഷ്യല്‍ ലിക്വിഡിറ്റി ഫണ്ട് 25000 കോടി രൂപയുടെ പ്രത്യേക ധനസഹായം നബാര്‍ഡിനു അനുവദിച്ചിരുന്നു. ഈ പാക്കേജിന്റെ ഭാഗമായാണ് കേരളത്തിന് 4.40 ശതമാനം പലിശക്ക് 2670 കോടി രൂപയുടെ സഹായം നല്‍കിയിരിക്കുന്നത്.