ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു; ആയുര്‍വേദ ചികിത്സയ്ക്ക് പോകുന്നുവെന്ന് റിപ്പോര്‍ട്ട്, ആര്‍എസ്പിയില്‍ ഭിന്നതയെന്ന് സൂചന

single-img
29 May 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആര്‍എസ്പിയില്‍ ഭിന്നത രൂക്ഷം. രണ്ടാം വട്ടവും ചവറയില്‍ പരാജയപ്പെട്ട ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബു ജോണ്‍ പങ്കെടുത്തിരുന്നില്ല. ഇത് ആര്‍എസ്പിയിലെ ഭിന്നതയാണെന്നാണ് സൂചന.

തുടര്‍ച്ചയായി ചവറയിലുണ്ടായ രണ്ട് തോല്‍വികള്‍ ഷിബുവിനെ മാനസികമായും സാമ്പത്തികമായും തളര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലും മുന്നണിയിലും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും പരിഭവമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് ആയുര്‍വേദ ചികിത്സയ്ക്ക് പോകുകയാണെന്ന് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയെ അറിയിച്ചു.
ആര്‍എസ്പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ല എന്നാണ് പഴയ നേതാക്കളുടെ പരാതി. ഇതുതന്നെയാണ് ഷിബു ആര്‍എസ്പി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നതിന് കാരണം. ഒരിക്കലും പരാജയപ്പെടാത്ത, പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ചവറയിലാണ് 2016 ലും 2021ലും ഷിബു ബേബി ജോണ്‍ തോല്‍ക്കുന്നത്. ഇത് പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.