സി.എ.എ. ഉടനടി നടപ്പാക്കാന്‍ കേന്ദ്രം വിജ്ഞാപനം ഇറക്കി; പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു

single-img
29 May 2021

2019-ലെ ദേശീയ പൗരത്വനിയമ ഭേദഗതി ഉടനടി നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച വിജ്ഞാപനമിറക്കി. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളായി ഇന്ത്യയിലെത്തി ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ കഴിയുന്നവരില്‍നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു. അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

ഈ രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കില്ല. ആ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളില്‍പ്പെട്ടവരായതിനാലാണ് ഇതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും വിവേചനമാണെന്ന് ആരോപിച്ച് പാര്‍ലമെന്റില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയിരുന്നു. ഗുജറാത്തിലെ മോര്‍ബി, രാജ്‌കോട്ട്, പഠാന്‍, വഡോദര ഛത്തിസ്ഗഢിലെ ദുര്‍ഗ്, ബലോഡബസാര്‍ രാജസ്ഥാനിലെ ജലോര്‍, ഉദയ്പുര്‍, പാലി, ബാര്‍മര്‍, സിരോഹി എന്നീ ജില്ലകളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ അവസരം.

2019-ലെ നിയമഭേദഗതിക്ക് ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍ 2009-ലെ ചട്ടപ്രകാരമാണ് ഇപ്പോള്‍ പൗരത്വത്തിനുള്ള നടപടി ക്രമങ്ങള്‍ നടത്തുക എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ രാജ്യങ്ങളില്‍നിന്നുള്ള ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് തിരികെ ചെന്നാല്‍ മതപീഡനം നേരിടേണ്ടി വരുന്നവരാണെങ്കില്‍ പാസ്പോര്‍ട്ട് അടക്കമുള്ള മതിയായ യാത്രാരേഖകള്‍ ഇല്ലെങ്കില്‍പ്പോലും പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് പൗരത്വനിയമ ഭേദഗതിയില്‍ പറയുന്നത്. ഈ കുടിയേറ്റക്കാര്‍ക്ക് അതിനുള്ള നിയമപരമായ അവകാശം നല്‍കുന്നു.