റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുമെന്ന് ജി ആര്‍ അനില്‍

single-img
28 May 2021

റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിച്ച അനര്‍ഹരായവരെ പൂര്‍ണമായി ഒഴിവാക്കി അര്‍ഹരായവരെ കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യ–പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുന്‍ഗണനാ കാര്‍ഡുകള്‍ ലഭിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിശ്ചിത ആളുകളെ മാത്രമേ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനാകൂ. ഈ സാഹചര്യത്തില്‍ അനര്‍ഹരെ പൂര്‍ണമായും പട്ടികയില്‍നിന്ന് ഒഴിവാക്കും. അനര്‍ഹരായവര്‍ക്ക് പട്ടികയില്‍നിന്ന് സ്വയം ഒഴിയാന്‍ അവസരം നല്‍കും. ഈ ഘട്ടത്തില്‍ പട്ടികയില്‍നിന്ന് ഒഴിവായാല്‍ നിയമനടപടിയില്‍നിന്ന് ഒഴിവാകാനാകുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവര്‍ വിവരം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. കിറ്റ് വേണ്ടാത്തവര്‍ക്ക് റേഷന്‍ കടകളില്‍ വിവരം അറിയിക്കാം. നെല്ല് സംഭരണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മഴ മൂലം വിള നാശം സംഭവിച്ചവര്‍ക്ക് കൃഷി വകുപ്പുമായി ചേര്‍ന്ന് ഉചിതമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മാസവും ആദ്യ ആഴ്ചയിലെ ഒരു ദിവസം ജനങ്ങളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.