കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്റെ പേര് സജീവ പരിഗണനയിലെന്ന് സൂചന

single-img
27 May 2021
k sudhakaran kpcc president

സംസ്ഥാനത്ത് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന്റെ പേര് ഹൈക്കമാന്‍ഡിന്റെ സജീവ പരിഗണനയിലെന്ന് സൂചന. സുധാകരനായി പാര്‍ട്ടിയില്‍ ഉയരുന്ന വികാരം ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് വരെയാകും പ്രവര്‍ത്തന പരിധി നിശ്ചയിക്കുക. മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി സന്നദ്ധത ഹൈക്കമാന്‍ഡ് അംഗീകരിച്ചു. പുതിയ അധ്യക്ഷന്‍ വരും വരെ പദവിയില്‍ തുടരാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്റിനെ അറിയിച്ചത്.

സംഘടനാ ദൗര്‍ബല്യമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അശോക് ചവാന്‍ സമിതിക്ക് മുമ്പില്‍ അഭിപ്രായപ്പെട്ടു. ബൂത്ത് തലം മുതല്‍ അടിമുടി മാറ്റം വേണം. ജംബോ കമ്മിറ്റികള്‍ പിരിച്ചു വിടണം എന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രന് പ്രതിരോധം തീര്‍ത്ത് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. തോല്‍വിയുടെ പേരില്‍ മുല്ലപ്പള്ളിയെ വേട്ടയാടുകയാണ്. മുല്ലപ്പള്ളിയെക്കാള്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ട്. സംഘടനാ ദൗര്‍ബല്യം ഒരു വ്യക്തിയുടെ മാത്രം കുറവല്ലെന്നും ,തോല്‍വിയുടെ ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ മേല്‍ ആരും കെട്ടിവയ്‌ക്കേണ്ടെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.