പൂന്തുറയില്‍ 3 മത്സ്യത്തൊളിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു; 6 പേരെ രക്ഷപ്പെടുത്തി

single-img
26 May 2021

തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഏഴ് പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപെടുത്തി. മൂന്നുപേരെ ഇനിയും കാണ്ടെത്താനുണ്ട്. വിഴിഞ്ഞത്ത് നിന്ന് ഒരാളും പൂന്തുറയില്‍ നിന്ന് രണ്ട് പേരെയുമാണ് കണ്ടെത്താനുള്ളതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മന്ത്രി ആന്റണി രാജുവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാന്‍ എത്തിയിരുന്നു. മന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

‘ഇന്നല രാത്രി തന്ന രക്ഷാപ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ നടപടികളും തുടങ്ങിയിരുന്നു. അപകടത്തില്‍പെട്ട മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡേവിഡ്സണ്‍, ജോസഫ്, സേവ്യര്‍ എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോസ്റ്റ്ഗാര്‍ഡ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും’. സജി ചെറിയാന്‍ പറഞ്ഞു. കടല്‍ക്ഷോഭം കാരണം വള്ളങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ അടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. നാവിക സേനയുടെ ഡോമിയര്‍ വിമാനവും രക്ഷാപ്രവര്‍ത്തനത്തിനെത്തും. കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

അതേ സമയം കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. യാസ ചുഴലിക്കാറ്റ് ഇന്ന് ഒഡീഷന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്ന് മഴ കനക്കാന്‍ സാധ്യതയുണ്ട്.