ചില്ലകള്‍ വെട്ടി കളയേണ്ടി വന്നാല്‍ വെട്ടി കളയും; തനിക്ക് ഗ്രൂപ്പ് സഹായമൊന്നും വേണ്ടെന്ന് വിഡി സതീശന്‍

single-img
25 May 2021

കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഒന്നുംതന്നെ വേണ്ടെന്ന് പറഞ്ഞാല്‍ അതിലൊരു അനൗചിത്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാര്‍ട്ടിയില്‍ ഗ്രൂപ്പുകളൊക്കെ ആവാം.എന്നാല്‍പാര്‍ട്ടിയെക്കാളും വലുതല്ല ഗ്രൂപ്പുകളെന്നും വിഡി സതീശന്‍ ഒരു ചാനലില്‍ സംസാരിക്കവേ പറഞ്ഞു.

നിലവില്‍ പാര്‍ട്ടിയാണ് ഒന്നാമതെന്ന ബോധം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒരു മാറ്റമുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കില്ല. പാര്‍ട്ടിയുടെ ഉള്ളിലെ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കൊണ്ട് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം തകര്‍ന്ന് പോകരുതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ കനത്ത പരാജയം നേരിട്ടതിനാല്‍ കോണ്‍ഗ്രസിന് തുടര്‍ച്ചയായി പത്തുവര്‍ഷം പ്രതിപക്ഷത്ത് ഇരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരും വിഷമിച്ചിരിക്കുന്ന അവസ്ഥയില്‍ ഈ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ താന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ പറയുന്നു.

വി ഡി സതീശന്റെ വാക്കുകളിലൂടെ: മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല കേരള രാഷ്ട്രീയത്തില്‍ വളരെ സജീവമായി നില്‍ക്കുന്ന ഒരാളാണ്. പ്രതിപക്ഷ നേതാവായ ഉടന്‍ ഇനി കോണ്‍ഗ്രസില്‍ ഗ്രൂപ്പെന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അതിലൊരു അനൗചിത്യമുണ്ട്. ഒരിക്കല്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പിന്റെ ഭാഗമായി നിന്ന് പ്രവര്‍ത്തിച്ചവരാണ് ഞങ്ങളെല്ലാം. ഗ്രൂപ്പുകളൊക്കെ ആവാം. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിലുണ്ടാകും. എല്ലാ പാര്‍ട്ടികളിലും ഗ്രൂപ്പുകളുണ്ട്. അതൊക്കെ അവിടെ നിന്നോട്ടെ. പക്ഷെ പാര്‍ട്ടിയെക്കാളും വലുതല്ല ഗ്രൂപ്പുകള്‍. പാര്‍ട്ടിയാണ് ഒന്നാമത്. രണ്ടാമതാണ് ഗ്രൂപ്പ്. ഈ ബോധം പാര്‍ട്ടിയിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വന്നിട്ടുണ്ട്. മാറ്റമുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കില്ല. കോണ്‍ഗ്രസാണ് യുഡിഎഫിനെ നയിക്കുന്നതെന്ന വിശ്വാസം ഘടകകക്ഷികള്‍ക്കുണ്ട്.

കോണ്‍ഗ്രസ് ഇനിയെങ്കിലും ശരിയായ പാതയില്‍ പോകണമെന്ന് ഘടകകക്ഷികള്‍ ആഗ്രഹിക്കും. വ്യക്തമായി പറയാം, മരമൊന്നും വെട്ടേണ്ട, പക്ഷെ വീടിന് അപകടകരമായി നിന്നാല്‍, അതിന്റെ ചില്ലകള്‍ വെട്ടി വീടിനെ സുരക്ഷിതമായി നിര്‍ത്തണം. അത് ചെയ്യാം. ചില്ലകള്‍ വെട്ടി കളയേണ്ടി വന്നാല്‍ ചില്ലകള്‍ വെട്ടി കളയും. ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കൊണ്ട് വീട് തകര്‍ന്ന് പോകരുത്. അതിനായുള്ള വലിയ താക്കീതാണ് ജനങ്ങള്‍ തന്നത്.

കോണ്‍ഗ്രസ് 2016നും 2021ലും തോറ്റു. പത്തു വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കണമെന്ന് ജനങ്ങള്‍ പറഞ്ഞിരിക്കുന്നു. തടസങ്ങളെ എല്ലാം അതിജീവിച്ച്, മറികടന്ന് ഞങ്ങള്‍ മുന്നോട്ട് പോകും. അഭിപ്രായവ്യത്യാസങ്ങള്‍ ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ സ്വഭാവികമാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് ഗ്രൂപ്പുകളുടെ സഹായമൊന്നും വേണ്ട. പക്ഷെ പാര്‍ട്ടിയുടെ സഹായം വേണം.

പാര്‍ട്ടി സഹായിക്കും, പ്രവര്‍ത്തകര്‍ അതിന് തയ്യാറാണ്. കെപിസിസി തയ്യാറാണ്. ഡിസിസികള്‍ തയ്യാറാണ്. കേരളത്തിലെ നേതാക്കളും പ്രവര്‍ത്തകരും എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരണമെന്നാണ്. അതിന് ഗ്രൂപ്പുകളൊന്നും തടസമാവില്ല.”