എന്താണ് നയന്‍താരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന ബ്രാന്‍ഡിലേക്ക് ഉയര്‍ത്തിയത്; കുഞ്ചാക്കോ ബോബന്‍ പറയുന്നു

single-img
19 May 2021

ഏറ്റവും അവസാനം നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തില്‍ എത്തിയ മലയാള ചിത്രമാണ് അപ്പു എന്‍. ഭട്ടതിരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ നിഴല്‍. സൂപ്പര്‍ ഹിറ്റായ ഈ സിനിമയുടെ ചിത്രീകരണ സമയത്ത് നയൻതാരയെന്ന പ്രൊഫഷണൽ നടിയെ അടുത്തറിഞ്ഞ അനുഭവം പങ്കു വെച്ചിരിക്കുകയാണ് നായകന്‍ കൂടിയായ കുഞ്ചാക്കോ ബോബൻ.തെന്നിന്ത്യയിലെ തിരക്കുള്ള താരമായി നിറഞ്ഞു നില്‍ക്കുമ്പോഴും മലയാളത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് അവര്‍ സന്തോഷത്തോടെ നിഴല്‍ ടീമിനൊപ്പം ചേര്‍ന്നെന്ന് കുഞ്ചാക്കോ ബോബന്‍ ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

സ്വന്തം ജീവിതത്തില്‍ അഭിമുഖീകരിച്ച പലതരത്തിലുള്ള പ്രതിസന്ധികളെ വകഞ്ഞു മാറ്റിയുള്ള ചിട്ടയായ യാത്രയാണ് നയന്‍താരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന ബ്രാന്‍ഡിലേക്ക് ഉയര്‍ത്തിയതെന്ന് അവരെ അടുത്തറിഞ്ഞ പ്പോള്‍ മനസ്സിലായി എന്ന് കുഞ്ചാക്കോ വ്യക്തമാക്കി. സിനിമ എന്ന കലയോടും അഭിനയത്തോടും തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് നയന്‍താര ഇടപെടുന്നത്.

അവര്‍ക്ക് സ്വന്തം ജോലിയിലുള്ള കൃത്യനിഷ്ടയും പ്ലാനിംഗും അതിശയിപ്പിക്കുന്നതാണ്. ഒരു ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി പോകുമ്പോള്‍ അടുത്ത ദിവസം ചിത്രീകരിക്കുന്ന സീനുകളെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കും. അത് പ്രകാരം വസ്ത്രവും മേക്കപ്പും ചെയ്താണ് അവര്‍ പിറ്റേ ദിവസം ലൊക്കേഷനിലേക്ക് വരുന്നത് തന്നെ.

സിനിമയോടൊപ്പം ഈ രീതിയില്‍ നീങ്ങുന്നതു കൊണ്ടു തന്നെയാകും സൗത്ത് ഇന്ത്യന്‍ ചലച്ചിത്രലോകത്ത് അവരിന്നും തിളങ്ങി നില്‍ക്കുന്നതെന്നും സൂപ്പര്‍ സ്റ്റാര്‍ ഇമേജില്‍ നില്‍ക്കുന്ന താരമാണങ്കിലും, സിനിമയുമായി സഹകരിക്കുന്ന ഒരവസരത്തിലും അത്തരമൊരു ഇടപടല്‍ അവരില്‍ നിന്നുണ്ടായിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.