കേരളത്തിൽ ദളിത് വിഭാഗത്തിലെ ആദ്യ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനല്ല; അത് കോണ്‍ഗ്രസുകാരായ കെ കെ ബാലകൃഷ്ണനും ദാമോദരന്‍ കാളാശ്ശേരിയും

single-img
19 May 2021

സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ദേവസ്വം വകുപ്പ് മന്ത്രിയാണ് പുതിയ ഇടതുമന്ത്രിസഭയിലെ കെ രാധാകൃഷ്ണന്‍ എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പുറത്തുവരുന്നുണ്ട്. പക്ഷെ കേരളത്തില്‍ ആദ്യമായി ദളിത് വിഭാഗത്തില്‍ നിന്ന് ദേവസ്വം മന്ത്രിയായ വ്യക്തി കെ രാധാകൃഷ്ണന്‍ അല്ല എന്നതാണ് വാസ്തവം.

കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കെ ബാലകൃഷ്ണന്‍1977-78ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ സംസ്ഥാന ദേവസ്വത്തിന്റെ ചുമതല കൂടി വഹിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളില്‍ കെ രാധാകൃഷ്ണന്‍ തന്നെയാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ദേവസ്വം മന്ത്രിയെന്ന വാദം ശക്തിപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹത്തിന്റെ മകന്‍ തന്നെ മുന്നോട്ട് വന്നിരുന്നു. മാത്രമല്ല, കെ കെ ബാലകൃഷ്ണനു ശേഷം ദാമോദരന്‍ കാളാശ്ശേരിയും ഒരിക്കല്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

1978-ല്‍ രൂപീകരിച്ച പി കെ വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ പട്ടികജാതി, ദേവസ്വം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ദാമോദരന്‍ കാളാശ്ശേരി.നിയമസഭയില്‍ പന്തളം മാവേലിക്കര എന്നീ മണ്ഡലങ്ങളെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി പട്ടികജാതി വിഭാഗത്തിന് പിഎസ്സി അപേക്ഷ സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമ സ്ഥാപിക്കാന്‍ സ്ഥലം ഏറ്റെടുത്തതും കാളാശ്ശേരി മന്ത്രിയായ സമയമാണ്.2019 ജൂലൈ 13ന് 88-ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്.