കേരളത്തില്‍ 15 ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു; പകരുന്ന രോഗമല്ലെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

single-img
19 May 2021
pinarayi vijayan kerala covid management

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗബാധയുമായി ബന്ധപ്പെട്ട് 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നും അതുകൊണ്ട് രോഗികളെ ചികിത്സിക്കാന്‍ വിമുഖത കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജനങ്ങളില്‍ ആശങ്ക പടരുന്നുണ്ട്. എന്നാല്‍ ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ വീടുകള്‍ക്ക് അകത്തും പുറത്തുമായി കണ്ടുവരുന്ന ഒരു പൂപ്പലാണ് ഇതെന്നും, നേരത്തെ ഈ രോഗത്തിന്റെ 40 % വും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണാതീതമായി പ്രമേഹമുള്ളവരിലാണ് രോഗം അപകടകാരിയാകുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും, കാന്‍സര്‍ രോഗികളിലും രോഗം കണ്ടെത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2019 ല്‍ കേരളത്തില്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്റ്റിറോയിഡുകളോ, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോള്‍ ബ്ലാക്ക് ഫംഗസ് ഗുരുതരമായി പിടിപെടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ കേരളം ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോഗികളുടെ ചികിത്സയില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ ചികിത്സാ പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. ഇത് സംബന്ധിച്ച വ്യക്തമായ നിര്‍ദേശം ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.