കൊവിഡ് വളന്റിയര്‍മാര്‍ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

single-img
16 May 2021

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളന്റിയര്‍മാര്‍ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലികമായി നിയോഗിക്കുന്നവര്‍ക്ക് ശമ്പളവും നല്‍കണം. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ പദ്ധതികള്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2021-22 വാര്‍ഷിക പദ്ധതിയില്‍ പദ്ധതികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ചാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉത്തരവിറക്കിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തര പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനു മേയ് 11ലെ പ്രതിദിന എല്‍എസ്ജിഡി വാര്‍ റൂം ഓണ്‍ലൈന്‍ യോഗത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വളന്റിയര്‍മാര്‍ക്ക് ഇന്ധന ചെലവ് നല്‍കാന്‍ ചില പഞ്ചായത്തുകള്‍ വിസമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കാമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ താമസത്തിനും യാത്രയ്ക്കുമുള്ള ചെലവുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലികമായി നിയോഗിക്കുന്നവര്‍ക്ക് വേതനം നല്‍കണം. വോളന്റിയര്‍മാര്‍ക്കുള്ള ഇന്ധന ചെലവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇതെല്ലാം വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകളായി ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.