സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷം; കനത്ത മഴ തുടരുന്നു

single-img
15 May 2021

കേരളത്തില്‍ കടല്‍ക്ഷോഭം അതിരൂക്ഷമാണ്. തൃശ്ശൂരില്‍ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായതിന് പിന്നാലെ, തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളില്‍ കടല്‍ ആക്രമണം ഉണ്ടായി. നൂറില്‍ അധികം വീടുകളില്‍ വെള്ളം കയറി.

ചാവക്കാട്, കൊടുങ്ങല്ലൂര്‍ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. കൊടുങ്ങല്ലൂരില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. കൊവിഡ് രോഗവ്യാപനം കാരണം പലരും വീടൊഴിയാന്‍ വിസമ്മതിച്ചു.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും മടിക്കാട്ടി. പലരും ബന്ധുവീടുകളില്‍ അഭയം തേടുകയായിരുന്നു. കടല്‍ വെള്ളത്തെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച ജിയോ ബാഗുകള്‍ക്കു മീതെ വെള്ളം ഇരമ്പിയെത്തി. ഇതുവരെ 105 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

കാസര്‍കോട് മുസോടി കടപ്പുറത്തെ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊടുങ്ങല്ലൂര്‍ മേഖലയില്‍ മാറ്റി പാര്‍പ്പിക്കേണ്ടവരില്‍ നൂറു പേര്‍ കൊവിഡ് രോഗബാധിതരായിരുന്നു. ഇവരെ, സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയിലെ കാപ്പാട് കടല്‍ത്തീരത്തും കടല്‍ പ്രക്ഷുബ്ദമാണ്. നിരവധി ആളുകളുടെ വീടുകളിലേക്ക് വെള്ളം കയറി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്.