സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

single-img
14 May 2021


സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യ സാറ്റ്‌സിലെ കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തെ ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ സ്വപ്നയെ 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.

എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനായ എല്‍എസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതിയുണ്ടാക്കിയ കേസില്‍ സ്വപ്നയും എയര്‍ ഇന്ത്യാ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതികളാണ്. ഇതേ കേസുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരെയും കേസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണക്കളളക്കടത്തുകേസില്‍ തടവുകാരിയായി തിരുവനന്തപുരത്ത് ജയിലില്‍ കഴിയുകയാണ് സ്വപ്ന. ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സ്വപ്നയുടെ അമ്മ കത്തയച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ സ്വപ്ന രോഗബാധിതയാകാന്‍ സാധ്യതയുണ്ടെന്ന് കത്തില്‍ പറയുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യം.