ശ്മശാനങ്ങളില്‍ നിന്ന് വസ്ത്ര മോഷണം; റീ ബ്രാന്‍ഡ് ചെയ്ത് കച്ചവടം; ഏഴംഗസംഘം അറസ്റ്റിൽ

single-img
10 May 2021

ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് വസ്ത്രങ്ങള്‍ മോഷ്ടിച്ച് റീബ്രാൻഡ് ചെയ്തു കച്ചവടം നടത്തി വന്ന ഏഴംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഭാഗ്പതിലാണ് സംഭവം. മൃതശരീരം മൂടാനുപയോഗിക്കുന്ന തുണി, മൃതശരീരത്തെ ധരിപ്പിക്കുന്ന വസ്ത്രങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയാണ് ഈ സംഘം പ്രധാനമായും കൈക്കലാക്കിയിരുന്നതെന്ന് പോലീസ് ഞായറാഴ്ച വ്യക്തമാക്കി. പുതപ്പുകള്‍, സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവയാണ് പ്രധാന മോഷണവസ്തുക്കളെന്ന് ചോദ്യം ചെയ്യലില്‍പ്രതികള്‍ പറഞ്ഞു.

മോഷണ സംഘത്തിന്റെ പക്കല്‍ നിന്ന് 520 പുതപ്പുകള്‍, 127 കുര്‍ത്തകള്‍, 52 സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തതായി സര്‍ക്കിള്‍ ഓഫീസറായ അലോക് സിങ് അറിയിച്ചു. മോഷ്ടിച്ചെടുക്കുന്ന വസ്ത്രങ്ങൾ നന്നായി അലക്കിയെടുത്ത ശേഷം ഇസ്തിരിയിട്ട് ഗ്വാളിയറിലെ ഒരു കമ്പനിയുടെ ലേബലില്‍ വില്‍പനക്കെത്തിക്കുകയാണ് സംഘം ചെയ്തിരുന്നത്. പ്രദേശത്തിലെ ചില വസ്ത്രവ്യാപാരികള്‍ക്ക് സംഘവുമായി വില്‍പനകരാറുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കാന്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് ദിവസേന മുന്നൂറ് രൂപ വീതം വ്യാപാരികള്‍ നല്‍കിയിരുന്നതായി പോലീസ് പറയുന്നു. 

കഴിഞ്ഞ പത്ത് വര്‍ഷമായി ഇവര്‍ ഈ തൊഴില്‍ നടത്തി വരികയായിരുന്നു; അറസ്റ്റിലായവരിൽ മൂന്ന് പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാനിന്നും പോലീസ് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്മശാനങ്ങളിലെത്തുന്ന മൃതശരീരങ്ങളുടെ എണ്ണം വര്‍ധിച്ചത് ഇവര്‍ക്ക് കൂടുതല്‍ ലാഭകരമായി. മോഷണക്കുറ്റം കൂടാതെ പകര്‍ച്ചവ്യാധി നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.