സിദ്ദിഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്

single-img
9 May 2021
siddique kappan supreme court

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പട്ടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്.സിദ്ദിഖ് കാപ്പന്റെ അഭിഭാഷകനാണ് നോട്ടിസ് അയച്ചത്. കാപ്പനെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യം. യുപി സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചെന്ന് നോട്ടിസില്‍ പറയുന്നു. എയിംസില്‍ കൊവിഡ് ചികിത്സ തുടരുന്നതിനിടെ രഹസ്യമായാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ഭാര്യയോ അഭിഭാഷകനോ അറിയാതെയായിരുന്നു യുപി പൊലീസിന്റെ നീക്കം. കൊവിഡ് നെഗറ്റീവായോ എന്ന് അവര്‍ ഉറപ്പുവരുത്തിയില്ലെന്നും നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നു എന്നും കാപ്പന്റെ കുടുംബം ആരോപിച്ചു.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് സിദ്ദിഖ് കാപ്പനെ കോടതി ഉത്തരവ് പ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയത്. ചികിത്സ കഴിഞ്ഞാല്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. മഥുര ജയിലില്‍ വച്ച് കൊവിഡ് പോസിറ്റീവായിരുന്നെങ്കിലും രോഗമുക്തനായെന്ന റിപ്പോര്‍ട്ടാണ് യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയത്. എന്നാല്‍, എയിംസില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനു കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും കാണാന്‍ അനുവദിക്കാതെ അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. യുഎപിഎ ചുമത്തപ്പെട്ട് മധുരയിലെ ജയിലില്‍ കഴിയുന്ന കാപ്പനെ കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.