പാർട്ടിയെ വെന്റിലേറ്ററിലാക്കി, ഇനി ശവദാഹം കൂടി നടത്തിയേ മാറൂ; മുല്ലപ്പള്ളിക്കെതിരെ പോസ്റ്റർ പ്രതിഷേധം

single-img
8 May 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിനുണ്ടായ ദയനീയ പരാജയത്തിന് പിന്നാലെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് പോസ്റ്റർ പ്രതിഷേധം. ഇനിയും കടിച്ച് തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരുമെന്നാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. സേവ് കോണ്‍ഗ്രസിന്റെ പേരിൽ തലസ്ഥാനത്തെ എംഎല്‍എ ഹോസ്റ്റലിന് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസ് പാർട്ടിയെ വെന്റിലേറ്ററിലാക്കി, ഇനി ശവദാഹം കൂടി നടത്തിയേ മാറൂ എന്നാ പറയുന്നേ” – എന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഇതോടൊപ്പം പ്രവർത്തകരിൽ നിന്നും പിരിച്ച കോടികളുടെ ഫണ്ട് സ്ഥാനാർത്ഥികൾക്കല്ലാതെ ആർക്ക് കൊടുത്തെന്നും ചില പോസ്റ്ററിൽ ചോദ്യമുണ്ട്.

നിലവില്‍ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ പശ്ചാത്തലത്തിൽ മുല്ലപ്പള്ളി കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ നിന്നും ധാരാളമായി ഉയർന്നു വന്നിരുന്നു. ഈ ആവശ്യം കേരളത്തിലെ എ, ഐ ഗ്രൂപ്പുകളും കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയെ തന്റെ മാത്രം തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി മുല്ലപ്പള്ളിയും രംഗത്തുണ്ട്.