മൂന്നാർ ധ്യാനത്തിന് ശേഷം ഇടവകയിൽ എത്തിയ വൈദികർ വിശ്വാസികളുമായി ഇടപഴകി; ധ്യാനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത് പോലീസ്

single-img
6 May 2021

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച സിഎസ്ഐ സഭാവൈദികരുടെ ധ്യാനത്തിൽ പങ്കെടുത്തവർക്കെതിരെ പകർച്ച വ്യാധി നിയമപ്രകാരം പൊലീസ് കേസെടുത്തു. ധ്യാനത്തിൽ പങ്കെടുത്ത വൈദികരും ബിഷപ്പ് റസാലവും കേസിൽ പ്രതികളാകും. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ സഭയിലെ വൈദികരുടെ വാര്‍ഷിക സമ്മേളനം ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് നടന്നത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സിഎസ്ഐ സഭാവൈദികർ ധ്യാനം നടത്തിയെന്ന് ആരോപിച്ച് വിശ്വാസികൾ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു .ധ്യാനത്തിന് ശേഷം ഇടവകയിൽ എത്തിയ വൈദികർ വിശ്വാസികളുമായി ഇടപഴകിയെന്നും സഭനേതൃത്വത്തിനെതിരെ കേസെടുക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു .

സംസ്ഥാനത്ത് രണ്ടാം കൊവിഡ് തരംഗത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 480 വൈദികർ മൂന്നാറില്‍ സംഗമിച്ചത്. സിഎസ്‌ഐ സഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത വൈദികരില്‍ 80ഓളം പേര്‍ക്ക് കൊവിഡ് ബാധിച്ച് ചികിത്സയിലാണ് .

സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേരുടെ നില ഗുരുതരമാണ് .ഇതില്‍ രണ്ടു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു . ഫാ.ബിജുമോൻ(52), ഫാ.ഷൈൻ ബി രാജ്(43) എന്നിവരാണ് മരിച്ചത് . ബിഷപ്പ് ധർമരാജ് രസാലവും നിരീക്ഷണത്തിലാണ് .അതേസമയം , ധ്യാനം നടത്തിയത് വൈദികരുടെ എതിർപ്പുകൾ കണക്കിലെടുക്കാതെയാണെന്ന് ആരോപണമുണ്ട്.