കേരള തിരഞ്ഞെടുപ്പ് ഫലമറിയാൻ ദിവസങ്ങൾ മാത്രം; നടന്നത് പൊളിറ്റിക്കലും പ്രൊഫഷണലുമായ തിരഞ്ഞെടുപ്പ്; പ്രചാരണങ്ങളുടെ നിറം കൂട്ടിയത് വിദഗ്ധ തന്ത്രങ്ങൾ

single-img
28 April 2021

മെയ് രണ്ടിന് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ ഇരു മുന്നണികളുടേയും ചങ്കിടിപ്പേറുകയാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും മാത്രമല്ല ബിജെപിക്കും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. വി ഫോർ കൊച്ചിയും ട്വന്റി ട്വന്റിയും പോലെയുള്ള ന്യൂജൻ സംഘടനകളും കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം കാത്തിരിക്കുന്ന വേളയിൽ വിവിധ പാർട്ടികളുടെ കാമ്പയിനുകളുടെ ചുമതല ഈ മേഖലയിലെ വിദഗ്ധരെ ഏൽപ്പിച്ചത് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച ആവുകയാണ്.

കേഡർ പാർട്ടികൾ എന്ന നിലയിൽ സി.പി.എം ന്റേയും ബി.ജെ.പിയുടേയും അനുകൂല ഘടകങ്ങളെ കഠിനാധ്വാനത്തിലൂടെ ഒരു പരിധി വരെ മറികടക്കാൻ കഴിഞ്ഞു എന്നത് കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വസിക്കാനുള്ള വക നൽകുന്നുണ്ട്. എന്നാൽ തന്ത്രങ്ങൾ മെനയുന്നതിലെ വീഴ്ചകളും, പുതിയ രീതികളോട് നേതൃത്വം മുഖംതിരിഞ്ഞ് നിന്നതും ചിലയിടങ്ങളിലെങ്കിലും കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. നേരത്തെ പ്രചാരണം തുടങ്ങിയതും “ബ്ലൂടിക്ക് ക്യാമ്പയ്നും” മുസ്ലിം ലീഗിനെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനൊപ്പം യുഡിഎഫ് ഘടക കക്ഷി ആയ ആർ.എസ്‌.പിയും തികഞ്ഞ മുന്നൊരുക്കങ്ങളോടെയും വിദഗ്ധരുടെ സഹായത്തോടെയുമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാർട്ടികളിൽ എൽ.ഡി.എഫ് ഘടകകക്ഷി കേരള കോൺഗ്രസ് ആണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വളരെ പിന്നോട്ട് പോയത്. അവസാന നിമിഷം കേരള കോൺഗ്രസ് വിദഗ്ധ സഹായം തേടിയെങ്കിലും സമയക്കുറവ് വിനയായി.

ഓൺലൈനിലും ഓഫ്‌ലൈനിലുമായി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സംഭവങ്ങൾ, കഥകൾ, റൂമറുകൾ എന്നിവ ഉപയോഗപ്പെടുത്തുന്നതിൽ ബുദ്ധി കേന്ദ്രങ്ങൾ ഇരുമുന്നണികൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങൾ തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തിയതിന് സമാനമായ പി.ആർ തന്ത്രങ്ങൾ ആണ് ഇക്കുറി കേരളത്തിലും തിരഞ്ഞെടുപ്പിൻ്റെ ചൂട് വർദ്ധിപ്പിച്ചത്.

ഓരോ പാർട്ടിക്കും തങ്ങളുടെ പാർട്ടിയെ കുറിച്ചും തങ്ങൾക്കനുകൂലമായി എതിർ പാർട്ടികളെ കുറിച്ചുമുള്ള പൊതുബോധം നിർമിച്ചെടുക്കേണ്ടത് തിരഞ്ഞെടുപ്പിൽ അനിവാര്യതയാണ്. മാറിയ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് സാമ്പ്രദായിക രീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ മാത്രം സമൂഹത്തിന്റെ ചിന്താഗതിയെ സ്വാധീനിക്കൽ കഴിയില്ല എന്നിടത്താണ് ക്യാംപെയ്നുകളിൽ പരിചയ സമ്പന്നരായ വിദഗ്ധരുടെ പങ്ക് നിർണായകമാകുന്നത്.

കഴിഞ്ഞ തവണയും എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേണ്ട സേവനങ്ങൾ നൽകിയ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘മൈത്രി’ എന്ന വിദഗ്ധ സംഘമാണ് ഇത്തവണയും എൽഡിഎഫിന്റെ പ്രചാരണങ്ങൾക്കായി തന്ത്രങ്ങൾ മെനഞ്ഞത്. കഴിഞ്ഞ തവണ വിജയം കണ്ട തന്ത്രങ്ങൾ ഇത്തവണയും ലക്ഷ്യം കാണും എന്ന പ്രതീക്ഷയിലാണ് അവർ. മൈത്രിക്ക് പുറമെ ജോൺബ്രിട്ടാസ് അടക്കമുള്ള വിദഗ്ധ സമിതിയും എൽഡിഎഫിന്റെ പ്രചാരണ തന്ത്രങ്ങൾക്ക് നേതൃത്വം നൽകി.

എവിടെ, എന്ത്, എപ്പോൾ, എങ്ങനെ, ആരോട് പറയാം എന്ന് തീരുമാനിക്കുന്നിടത്താണ് പാർട്ടിക്ക് ഒരോ വോട്ടറേയും സ്വാധീനിക്കാനാവുക.
ആളുകളെ അവരുടെ വിശ്വാസം, മൂല്യങ്ങൾ സാമ്പത്തികാവസ്ഥ, ജീവിത രീതി എന്നിവയനുസരിച്ച് ചെറു ഗ്രൂപ്പുകൾ ആയി മനസ്സിലാക്കുകയും, പാർട്ടികൾക്ക് അവരുടെ ആശയങ്ങൾ ഓരോ വിഭാഗത്തോടും സവിശേഷമായി അവതരിപ്പിക്കണ്ടത് നിർണായകമാവുകയും ചെയ്യുമ്പോഴാണ് പാർട്ടികൾക്ക് ഈ മേഖലയിലെ വിദഗ്ധരുടെ സഹായം ആവശ്യമാകുന്നതെന്ന് കൊല്ലം ആലപ്പുഴ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിൽ യു.ഡി.എഫിന് വേണ്ടി പ്രചാരണത്തിന് നേതൃത്വം നൽകിയ വിദഗ്ധാംഗം അനൂപ് മോഹൻ പറയുന്നു. ഓൺലൈനിലും ഓഫ് ലൈനിലും ഓരൊ മനുഷ്യനേയും മുന്നിൽ കണ്ട് തന്ത്രങ്ങൾ മെനയുകയും, അവ പ്രാവർത്തികമാക്കാനുള്ള സാങ്കേതികവും താത്വികവുമായ വഴികൾ ഉറപ്പാക്കുന്നതുമാണ് പുതിയ കാലത്ത് തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്നതെന്നും അനൂപ് മോഹൻ പറഞ്ഞു.

ആലപ്പുഴ കൊല്ലം ജില്ലകളിൽ പ്രതികൂല സാഹചര്യമുണ്ടായിരുന്ന ചില മണ്ഡലങ്ങളിൽ പോലും പ്രൊഫഷണലും ചിട്ടയുള്ളതുമായ പ്രവർത്തനം കാഴ്ചവെക്കാനും അതുവഴി വിജയം ഉറപ്പാക്കാനും കഴിഞ്ഞു എന്ന് മണ്ഡലങ്ങളുടെ ക്യാമ്പയിൻ സ്ട്രാറ്റജി ചുമതലയിൽ ഉണ്ടായിരുന്ന ബെംഗളൂരൂ സ്വദേശി നവീൻ നല്ലഘട്ട്ല പറഞ്ഞു.

ഏറെ മുന്നേറിക്കഴിഞ്ഞ സാങ്കേതിക വിദ്യയുടെ കാലത്ത് നുണപ്രചാരണങ്ങൾക്ക് ആയുസില്ലെന്ന് പറയുമ്പോഴും നുണകൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വലിയ ഘടകം തന്നെയാണ്. നമുക്ക് മുൻപിൽ എത്തുന്ന വാർത്തകളിലും ചിത്രങ്ങളിലും വീഡിയോകളിലും വ്യാജമേതെന്നോ സത്യമേതെന്നോ പലപ്പോഴും സാധാരണക്കാരന് വേർതിരിക്കാൻ കഴിയാതെ വന്നേക്കാം. തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ നുണകൾക്ക് പിന്നിലെ സത്യം എല്ലാവരിലേക്കും എത്തിക്കലും പ്രയാസമായിരിക്കും. ചിലപ്പോൾ വാസ്തവമല്ലാത്ത ഒരു ദൃശ്യമൊ കഥയൊ പോലും തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ നൈതികമാണെന്ന ഉറപ്പോടെ തങ്ങൾക്കനുകൂലമായ കഥകൾ വിന്യസിപ്പിക്കലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമാണെന്ന് നവീൻ വ്യക്തമാക്കി. കഴിഞ്ഞ തവണ പൂർണമായും കൈവിട്ട കൊല്ലം ജില്ലയിൽ ഇത്തവണ യുഡിഎഫ് ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് മുതൽ അവസാന വോട്ട് രേഖപെടുത്തപ്പെടുന്നത് വരെ യുഡിഎഫ് നടത്തിയ തന്ത്രപരമായ നീക്കങ്ങൾ എൽ.ഡി.എഫിന്റെ കേഡർ സംവിധാനങ്ങളുടെ മുനയൊടിച്ചു എന്നാണ് വ്യക്തമാകുന്നത്. ഒരുപക്ഷേ കൊല്ലം ജില്ലയിൽ യൂഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കിയാൽ ഭരണതുടർച്ചയെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നത്തിന് തന്നെ മങ്ങലേൽക്കും.

അതേസമയം തിരഞ്ഞെടുപ്പിൽ പാർട്ടികൾ സാങ്കേതിക വിദഗ്ധരുടെ സഹായം തേടുന്ന പ്രവണത ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണ് എന്ന വിമർശനവും ഉയർന്നു വരുന്നുണ്ട്. ഇത്തരം ബുദ്ധി കേന്ദ്രങ്ങളെ വിലക്ക് വാങ്ങാൻ കഴിവുള്ള ഏതൊരാൾക്കും തിരഞ്ഞെടുപ്പ് ജയിക്കാൻ കഴിയുന്ന സാഹചര്യമാണ് വരാൻ പോകുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ തങ്ങൾ ചെയ്യുന്നത് അട്ടിമറിയൊ, മായാജാലമോ അല്ലെന്ന് ഈ മേഖലയിൽ ശ്രദ്ധേയരായ വിദഗ്ധർ വ്യക്തമാക്കുന്നു. വരുന്ന അഞ്ച് വർഷത്തെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് ഓരോ വോട്ടർമാക്കും രാഷ്ട്രീയപാർട്ടികൾക്കുമിടയിലെ ആശയവിനിമയം നവസങ്കേതങ്ങൾ ഉപയോഗിച്ച് കൂടുതൽ ഫലപ്രദമായി സാധ്യമാക്കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന്, കേരളത്തിൽ പത്തോളം തിരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികൾക്ക് വിദഗ്ധ സേവനങ്ങൾ നൽകിയ അനുഭവ പരിചയമുള്ള കോഴിക്കോട് സ്വദേശിയായ ഷമീം ബഷീർ വ്യക്തമാക്കി. ” ഞങ്ങൾ തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കാണുന്നവരല്ലെന്ന് ആദ്യമെ പറയട്ടെ, ഞങ്ങളുടെ മേഖല ജനങ്ങളുമായുള്ള രാഷ്ട്രീയ ആശയവിനിമയമാണ്. അതിന്റെ കൂടുതൽ സാധ്യതകൾ നാം ഭാവിയിൽ അനുഭവിക്കാനിരിക്കുന്നതേയുള്ളു. പുതിയ കാലത്ത് ആശയവിനിമയം ഇത്രയേറെ വേഗത്തിൽ ആയ സാഹചര്യത്തിൽ രാഷ്ട്രീയ പ്രചാരണ രീതികളും മാറേണ്ടതുണ്ട്. മറ്റെല്ലാ മേഖലകളിലും എന്നത് പോലെ തിരഞ്ഞെടുപ്പിനേയും കൂടുതൽ പ്രൊഫഷണൽ ആയി സമീപിക്കേണ്ടതുണ്ട്. ഇക്കാലത്ത് എല്ലാം ജനങ്ങളുടെ വിരൽത്തുമ്പിൽ ഉണ്ട്. ഞങ്ങൾ ജനാധിപത്യത്തെ മെച്ചപ്പെടുത്തുന്നവരാണ്. ജനങ്ങൾക്കും ജനാധിപത്യത്തിനുമിടയിലെ മാധ്യമമാകുകയാണ് ഞങ്ങൾ. അതുകൊണ്ടാണ് ഉയർന്ന ജനാധിപത്യ ബോധമുള്ള കേരളം പോലെ ഒരു സ്റ്റേറ്റിൽ ഞങ്ങളുടെ സാധ്യതകൾ ഏറുന്നത്” ഷമീം കൂട്ടിച്ചേർത്തു.

മാറ്റം വരുമെന്ന വാഗ്ദാനങ്ങളുമായി അഞ്ചു വർഷത്തിലൊരിക്കൽ കടന്നുവരുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തന്നെ മാറ്റത്തിന്റെ പാതയിൽ ആണെന്ന സൂചനകൾ ആണ് നമുക്ക് ലഭിക്കുന്നത്. ആവേശത്തോടെ പോസ്റ്ററൊട്ടിക്കുകയും മുദ്രാവാക്യങ്ങളാൽ തെരുവുകളെ മുഖരിതമാക്കുകയും ചെയ്തിരുന്ന പ്രവർത്തകരിൽ നിന്നും പാർട്ടികളുടെ മുഖം നന്നാക്കാനുള്ള ജോലി വിദഗ്ധർ ഏറ്റെടുക്കുമ്പോൾ നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കും.. കാത്തിരുന്നു കാണാം