എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം; ജില്ലയില്‍ ഇന്ന് 4270 പേര്‍ക്ക് കൊവിഡ്

single-img
27 April 2021

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന കൊവിഡ് കണക്ക് ഇന്നും 4000 കടന്നു.പരിശോധന ശക്തമാക്കിയും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചും ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. 24.5 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

4270 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്. ഇതോടെ ജില്ലയില്‍ ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം 40000 കടന്നു. കഴിഞ്ഞ 6 ദിവസത്തിനിടെ ഇരുപത്തി മൂവായിരത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികള്‍ കൂടുതലുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. വരും ദിവസങ്ങളിലും പരിശോധന കൂട്ടി കൂടുതല്‍ രോഗികളെ കണ്ടെത്തി കൊവിഡിനെ നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

കളമശ്ശേരി മേഖയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 158 പേര്‍ക്കാണ് കളമശ്ശേരി യില്‍ രോഗം സ്ഥിരീകരിച്ചത്. വാക്സിന്‍ ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ വാക്സിനേഷന്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി. കൂടുതല്‍ ഡോസ് വാക്സിന്‍ എത്തിയാല്‍ മാത്രമേ നിലവിലെ പ്രതിസന്ധി മറികടക്കാനാവൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.