കൊവിഡ് വ്യാപനം; സ്വന്തം രാജ്യമായി പ്രഖ്യാപിച്ച കൈലാസയിലേക്ക് സന്ദർശകർക്ക് വിലക്കുമായി നിത്യാനന്ദ

single-img
22 April 2021

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ഭയന്ന് ഇന്ത്യയില്‍ നിന്നും കടന്ന ആള്‍ദൈവം നിത്യാനന്ദ സ്വന്തം രാജ്യമായി പ്രഖ്യാപിച്ച കൈലാസയിലേക്ക് കൊവിഡ് വ്യാപനം കാരണം ഇന്ത്യയിൽ നിന്നുള്ള ഭക്തര്‍ക്ക് പ്രവേശാനുമതി നിഷേധിച്ചു.

നിലവില്‍ ഇന്ത്യക്ക് പുറമേ ബ്രസീല്‍, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും കൈലാസയിലേക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും എവിടെയാണ് ഈ കൈലാസ എന്ന വിവരം ഇതുവരെയും ആര്‍ക്കും കൃത്യമായി അറിയില്ല. ലാറ്റിനമേരിക്കയില്‍ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങി അതിന് കൈലാസ എന്ന പേരു നല്‍കി എന്ന് ചില വിദേശ മാധ്യമങ്ങള്‍ ഒരുസമയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്വന്തം രാജ്യത്തെ ഒരു ഹിന്ദു രാജ്യമെന്ന് വിശേഷിപ്പിച്ച നിത്യാനന്ദ സ്വന്തമായി പാസ്പോര്‍ട്ടും പതാകയും ദേശീയ ചിഹ്നവും പ്രഖ്യാപിക്കുകയുമുണ്ടായി. രാജശേഖരന്‍ എന്ന് ശരിയാ പേരുള്ള നിത്യാനന്ദ തമിഴ്‌നാട് സ്വദേശിയാണ്. 2000ത്തില്‍ കര്‍ണാടകയിലെ ബംഗ്ലൂരുവില്‍ ആശ്രമം സ്ഥാപിച്ചതോടെയാണ് ഇയാള്‍ വിവാദ പുരുഷനാകുന്നത്.