എസ്ഡിപിഐ പിന്തുണച്ചു; പഞ്ചായത്ത് അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് സിപിഎം

single-img
20 April 2021

എസ്ഡിപിഐ പിന്തുണച്ചതിനാല്‍ പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ ലഭിച്ച അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് സി പി എം. പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിനു ജോസഫിനോട് പദവി രാജിവക്കാൻ നിര്‍ദ്ദേശം നൽകിയതായി സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു. നേരത്തെ ഇവിടെ രണ്ട് തവണ തെരഞ്ഞെടുപ്പ് നടന്നപ്പോൾ എസ് ഡി പി ഐ പിന്തുണച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെച്ചിരുന്നു.

നിലവില്‍ പഞ്ചായത്തിൽ ഇടതുമുന്നണിക്കും എൻഡിഎയ്ക്കും അഞ്ച് വീതം സീറ്റുകളാണ് ഉള്ളത്. രണ്ട് യുഡിഎഫ് പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മുന്‍പ് രണ്ട് തവണ നടന്ന തെരഞ്ഞെടുപ്പിലും എസ് ഡി പി ഐയുടെ പിന്തുണ എൽ ഡി എഫ് സ്വീകരികരിക്കാതിരുനതിന് പിന്നാലെയാണ് വീണ്ടും എസ് ഡി പി ഐ പിന്തുണയിൽ അധികാരത്തിലെത്തുന്നത്.

അതേസമയം, ആലപ്പുഴ ജില്ലയിലെ തിരുവൻവണ്ടൂരിൽ ബിജെപിയെ പരാജയപ്പെടുത്തി എൽഡിഎഫിലെ ബിന്ദു കുരുവിള പ്രസിഡന്റായി. കോൺഗ്രസ് നല്‍കിയ പിന്തുണയിലാണ് എൽഡിഎഫ് പ്രസിഡന്റ് സ്ഥാനം നേടിയത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഏഴ് വീതം വോട്ടുകൾ നേടിയാണ് ബിന്ദു കുരുവിള പ്രസിഡന്റ് ആയത്.

ഇവിടെ 13 അംഗ ഭരണ സമിതിയിൽ ബിജെപിക്ക് അഞ്ചും സിപിഎമ്മിന് നാലും കോൺഗ്രസിന് മൂന്ന് അംഗങ്ങളും ആണ് ഉണ്ടായിരുന്നത്. ശേഷിച്ച ഒരു സ്വതന്ത്രൻ വിട്ടുനിന്നു.