ഡല്‍ഹിയില്‍ 24 മണിക്കൂറിനകം കൊവിഡ് പരിശോധന റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി
ഡല്‍ഹിയില്‍ 24 മണിക്കൂറിനകം കൊവിഡ് പരിശോധന റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ലാബുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് അരവിന്ദ് കെജ്രിവാള് അറിയിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ പരിശോധനാ ഫലം ലഭിക്കാന്‍ 3 ദിവസത്തോളം സമയമെടുക്കുന്നതായി 24 വാര്‍ത്ത നല്‍കിയിരുന്നു.
കൊവിഡ് വ്യാപനം അതീവ രൂക്ഷമായ ഡല്‍ഹിയില്‍ സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം നല്കാന് 3 ദിവസത്തോളം സമയമാണ് ആവശ്യപ്പെട്ടിരുന്നത്. ഡല്‍ഹിയില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പല സംസ്ഥാനങ്ങളും നിര്‍ബന്ധമാക്കിയിരിക്കെ, രോഗികള്‍ക്കൊപ്പം യാത്രക്കാര്‍ക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടപെടല്‍.
ലാബുകള്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കുന്നത് കൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ വൈകുന്നതെന്നും, ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.