കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരത്തേക്കുള്ള പന്ത്രണ്ടോളം ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് സര്‍ക്കാര്‍

single-img
17 April 2021

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ തലസ്ഥാനമായ തിരുവനന്തപുരത്തേക്കുള്ള പന്ത്രണ്ടോളം ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പരിശോധനയുള്ള വഴികളില്‍ കൂടിയല്ലാതെ ആളുകള്‍ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് ഇടറോഡുകള്‍ അടച്ചത് എന്നാണ് വിശദീകരണം.

നിലവില്‍ ഇ-പാസ് ഉള്ളവര്‍ക്ക് കളിയക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്ന് പോലീസ് അറിയിച്ചു. പാറശാല മുതല്‍ വെളളറട വരെയുളള സ്ഥലങ്ങളില്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ കഴിയുന്ന ഇടറോഡുകളാണ് തമിഴ്നാട് പോലീസ് അടച്ചത്. കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെളളറട, അമ്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്.

അതിര്‍ത്തിയിലെ വഴികള്‍ അടച്ച വിഷയം തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് കേരളത്തിന്റെ ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു. ഇപ്പോള്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്.