വിവരാവകാശനിയമത്തിലെ ചട്ടം അട്ടിമറിച്ച് സ്വയം ക്ഷണിച്ച അപേക്ഷയിൽ നിയമിതനായി വിശ്വാസ് മേത്ത; ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് സർക്കാരും

single-img
16 April 2021

സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ വിശ്വാസ് മേത്തയുടെ നിയമനത്തില്‍ സംസ്ഥാന സർക്കാരിന്റെ ഒത്തുകളി. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് തൊട്ടുമുൻപ് സ്വയം ക്ഷണിച്ച അപേക്ഷയിൽ വിവരാവകാശനിയമത്തിലെ ചട്ടം അട്ടിമറിച്ചാണ് വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തെത്തിയത്. നിയമനം ചോദ്യംചെയ്ത് സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളാനിടയായത് സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചതു കാരണമെന്നും വ്യക്തം.   

ചീഫ് സെക്രട്ടറി പദവിയിൽനിന്ന് ഫെബ്രുവരി 28ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് വിശ്വാസ് മെഹ്ത്ത സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണറായത്. ചീഫ് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ നവംബർ 11ന് വിശ്വാസ് മെഹ്ത്ത തന്നെയാണ് മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചതും. ഡിസംബർ28 ആയിരുന്നു അപേക്ഷ സമർപിക്കേണ്ട അവസാന തീയതി. കൃത്യം രണ്ടുമാസം പിന്നിട്ട് വിരമിച്ചതിന് തൊട്ടുപിന്നാലെ മാർച്ച് രണ്ടിന് വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മിഷണറായി അധികാരമേറ്റു. 

വിന്‍സണ്‍ എം പോള്‍ വിരമിച്ചതിന് പിന്നാലെ മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് 2020 ജനുവരി 31ന് മുൻ ചീഫ് സെക്രട്ടറി ടോം ജോസാണ് ആദ്യ നോട്ടിഫിക്കേഷൻ ഇറക്കിയത്. ഈ നോട്ടിഫിക്കേഷൻ പ്രകാരം 2020 മാർച്ച് 5വരെ അപേക്ഷ സമർപിക്കാം. എന്നാൽ ടോം ജോസ് പടിയിറങ്ങിയതിന് പിന്നാലെ ചീഫ് സെക്രട്ടറിയായ വിശ്വാസ് മെഹ്ത്ത ഈ നോട്ടിഫിക്കേഷനിൽ തുടർനടപടി കൈകൊണ്ടില്ല. പുതിയ നോട്ടിഫിക്കേഷൻ ഇറക്കി സ്വയം സമർപിച്ച അപേക്ഷയിൽ വിശ്വാസ് മെഹ്ത്ത മുഖ്യ വിവരാവകാശ കമ്മിഷണറുമായി.

Content Summary : Vishwas Mehta was appointed on a self-invited request in violation of the RTI Act