അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെഎം ഷാജിയെ 5 മണിക്കൂര്‍ ചോദ്യം ചെയ്ത് വിജിലന്‍സ്

single-img
16 April 2021

കെഎം ഷാജിയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്തു. രാവിലെ 10 മണിക്കാണ് വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. നാലര മണിക്കൂറാണ് ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തത്. വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഷാജിയുടെ വീടുകളില്‍നിന്ന് കണ്ടെടുത്ത പണം, സ്വര്‍ണ്ണം എന്നിവയുടെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിജിലന്‍സ് തേടുന്നത്.

റെയ്ഡ് കഴിഞ്ഞ ശേഷം വ്യാപകമായ വ്യാജപ്രചാരണങ്ങളാണ് പുറത്തുവന്നതെന്നാണ് കെ എം ഷാജി പറയുന്നത്. സ്ഥലക്കച്ചവടത്തിനായി ബന്ധു കൊണ്ടുവച്ച പണമാണെന്നാണ് ചിലയിടത്ത് വാര്‍ത്തകള്‍ വന്നത്. അങ്ങനെ താനാരോടും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമായിരുന്നു വിജിലന്‍സ് കണ്ടെത്തിയത് എന്നാണ് ഷാജി പറയുന്നത്.
വീണ്ടും ചോദ്യം ചെയ്യാന്‍ നിലവില്‍ വിളിപ്പിച്ചിട്ടില്ല. ഒരാഴ്ചയ്ക്കകം രേഖകള്‍ കാണിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അത് ഹാജരാക്കും. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ശേഖരിച്ച പണത്തിന്റെ കൃത്യമായ രേഖകളുണ്ടെന്നും ഷാജി വ്യക്തമാക്കി.

കെ എം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് കൊടുത്തത് എം ആര്‍ ഹരീഷാണ്. അഭിഭാഷകനും കോഴിക്കോട്ടെ സിപിഎം പ്രാദേശിക നേതാവുമാണ് ഹരീഷ്.

2012മുതല്‍ 21 വരെയുളള ഷാജിയുടെ സ്വത്തില്‍ വന്ന വളര്‍ച്ചയാണ് വിജിലന്‍സ് അന്വഷിക്കുന്നത്. ഈ കാലയളവില്‍ ഷാജിയുടെ സ്വത്ത് 160 ശതമാനത്തിലേറെ വളര്‍ന്നെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.