സർക്കാറിന്റെ വാദം തള്ളി; ഇഡിക്ക് എതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കി

single-img
16 April 2021

എന്‍ഫോഴ്സ്മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് റെജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറും കോടതി റദ്ദാക്കി. അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് മുദ്രവച്ച കവറിൽ വിചാരണക്കോടതിക്ക് കൈമാറാനും നിർദ്ദേശിച്ചു . രേഖകള്‍ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടര്‍നടപടി തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന ആരോപണങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി. മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചതായി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിന്റെയും സന്ദീപ് നായർ ആരോപണം ഉന്നയിച്ചതിന്റെയും അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ചിന്റെ കേസുകൾ. 

സ്വർണക്കടത്തു കേസിൽ ഇഡി നടത്തുന്ന അന്വേഷണം ഉന്നത വ്യക്തികളിലേക്കു തിരിയുമെന്നു കണ്ടാണു കേസെടുത്തതെന്നു ഹർജിക്കാരനായ ഇഡി ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്‌ണൻ ആരോപിച്ചിരുന്നു. ഒരു ഏജൻസിയുടെ അന്വേഷണത്തിന്റെ നിജസ്ഥിതി മറ്റൊരു ഏജൻസി അന്വേഷിക്കുന്നതു ശരിയല്ലെന്നു ഹർജിക്കാരനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള അന്വേഷണമാണു സ്വർണക്കടത്തു കേസിൽ ഇഡി നടത്തുന്നതെന്നു സംസ്ഥാന സർക്കാർ വാദിച്ചു.

Content Summary: High Court quashed the fir against Enforcement Directorate by Crime Branch