അയോധ്യ രാമക്ഷേത്ര നിര്‍മാണം: സംഭാവനയായി ലഭിച്ച 22 കോടി രൂപയുടെ 15,000 ചെക്കുകള്‍ മടങ്ങി

single-img
16 April 2021

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനയായി ലഭിച്ച 15,000 ത്തോളം ചെക്കുകള്‍ മടങ്ങി. ഫണ്ട് ഉണ്ടാക്കാനുള്ള പ്രചാരണ സമയത്ത് വിശ്വഹിന്ദു പരിഷത്ത് സമാഹരിച്ച ചെക്കുകളാണ് ഇവയെന്നാണ് റിപ്പോര്‍ട്ട്.22 കോടിയോളം രൂപ വരുമെന്നാണ് കണക്ക്.സാങ്കേതിക പ്രശ്‌നങ്ങളും, ചെക്ക് നല്‍കിയ വ്യക്തിയുടെ അക്കൌണ്ടില്‍ പണമില്ലാത്തതുമാണ് ചെക്കുകള്‍ മടങ്ങാന്‍ കാരണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്.

സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് മാറ്റാന്‍ പറ്റുന്ന ചെക്കുകള്‍ ആ തരത്തില്‍ തന്നെ പണമാക്കുവാന്‍ ബാങ്കുകളുമായി ശ്രമം നടത്തുന്നുണ്ടെന്ന് ട്രസ്റ്റ് അംഗമായ അനില്‍ മിശ്ര പറഞ്ഞു. മടങ്ങിയ ചെക്കുകളില്‍ 2,000ത്തോളം ചെക്കുകള്‍ അയോധ്യയില്‍ നിന്ന് തന്നെ സ്വീകരിച്ചവയാണ്. വിഎച്ച്പി കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി 17വരെയാണ് രാജ്യവ്യാപകമായി അയോധ്യ രാമക്ഷേത്രത്തിനായി ധന സമാഹരണം നടത്തിയത്. ഈ പരിപാടിയിലൂടെ 5000 കോടി സമാഹരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.