ആലപ്പുഴയിൽ പതിനഞ്ചുകാരനെ കുത്തിക്കൊന്നു; പിന്നിൽ ബിജെപിയെന്ന് ആരോപണം

single-img
15 April 2021
alappuzha 15 year old stabbed rss

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തി. ആലപ്പുഴ ജില്ലയിൽ വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിൻ്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു (15) ആണ് മരിച്ചത്. എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിൻ്റെ കൊലയ്ക്ക് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഐ(എം) ആരോപിക്കുന്നു.

വള്ളിക്കുന്നം അമൃതാ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ  പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെയാണ് കൊലപ്പെടുത്തിയത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ച് രാത്രി 9.45 നാണ് ആക്രമണം നടത്തിയത്.മറ്റ് രണ്ടു പേർക്കു കൂടി ആക്രമണത്തിൽ പരിക്കുപറ്റിയതായി റിപ്പോർട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണെന്ന് സിപിഐ(എം) ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ ഇവാർത്തയോട് പറഞ്ഞു. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തനങ്ങളിൽ അഭിമന്യു സജീവമായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനും അഭിമന്യുവിൻ്റെ സഹോദരനുമായ അനന്തുവിനോട് പ്രദേശത്തെ ബിജെപി പ്രവർത്തകർക്ക് രാഷ്ട്രീയമായ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും അനന്തുവിനെ ലക്ഷ്യം വെച്ചെത്തിയ അവർ അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും നാസർ പറയുന്നു.

അതേസമയം സംഭവം രാഷ്ട്രീയകൊലപാതകമാണോയെന്ന് പറയാറായിട്ടില്ല എന്ന നിലപാടിലാണ് വള്ളിക്കുന്നം പൊലീസ്. സഞ്ജയ് ജിത്ത് എന്നൊരാളെയാണ് പ്രതിയെന്ന് സംശയിക്കുന്നത്. മറ്റുപ്രതികൾ ആരെന്ന് അന്വേഷിച്ച് വരികയാണെന്നും വള്ളിക്കുന്നം എസ്എച്ച്ഒ പറഞ്ഞു.

 
ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമ്പിളി കുമാർ ക്യാൻസർ രോഗബാധിതയായ ഭാര്യ ബീനയുടെ ചികിൽസാർത്ഥമാണ് നാട്ടിലെത്തിയത്. കോവിഡ് കാരണം തിരികെപ്പോകാനായില്ല. അഭിമന്യുവിൻ്റെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

15 year old boy stabbed to death in Alappuzha; CPI(M) says RSS behind the murder