ലോകായുക്ത ആക്ടിലെ ചട്ടം ഒമ്പത് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് നിയമോപദേശം; സർക്കാർ കോടതിയെ സമീപിച്ചേക്കും

single-img
14 April 2021

ലോകായുക്തയുടെ കെ.ടി.ജലീലിനെതിരായ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. ലോകായുക്ത ഉത്തരവ് ചട്ടപ്രകാരമല്ലെന്ന് വ്യക്തമാക്കി അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കി. ഉത്തരവിനെതിരെ സര്‍ക്കാരിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. കെ.ടി.ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ചട്ടങ്ങള്‍ പാലിച്ചല്ല എന്നാണ് എജിയുടെ വിലയിരുത്തല്‍.

ലോകായുക്ത ആക്ടിലെ ചട്ടം ഒമ്പത് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ജലീലിനെതിരായ ഉത്തരവെന്ന് നിയമോപദേശത്തില്‍ പറയുന്നു. പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്പ് എതിര്‍ കക്ഷിയ്ക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ജലീലിന് പരാതിയുടെ പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിനൊപ്പമാണെന്നും ആയതിനാൽ ജലീലിന്‍റെ കാര്യത്തില്‍ ഇത് പാലിക്കപ്പെട്ടില്ലെന്നും എജിയുടെ നിയമോപദേശത്തില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് തുടര്‍നടപടികള്‍ സ്വീകരിക്കാം.

ചട്ടങ്ങള്‍ പാലിക്കാത്ത ഉത്തരവായതിനാല്‍, ലോകായുക്തയ്ക്കെതിരെ സര്‍ക്കാരിന് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനും തടസമില്ല. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി.ജലീലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയായിരുന്നു ലോകായുക്ത ഉത്തരവെന്നാണ് ജലീലിന്‍റെ വാദം. കോടതിയില്‍ സര്‍ക്കാരും ജലീലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന് ലോകായുക്ത ഉത്തരവിനെതിരെ ഹര്‍ജി നല്‍കാമെന്ന നിയമോപദേശം ലഭിച്ചത്. ഈ സാഹചര്യത്തില്‍ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും കോടതിയെ സമീപിച്ചേക്കും.