ബിജെപിക്ക് തിരിച്ചടിയായി ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു

single-img
13 April 2021

ഗോവയില്‍ ബിജെപി നയിക്കുന്ന എന്‍ ഡി എ മുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടിയായി സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ പിന്മാറ്റം. ഗോവൻ സര്‍ക്കാരിന്റെ ഗോവ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തങ്ങളുടെപിന്‍മാറ്റമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി പറഞ്ഞു.

തങ്ങൾ സഖ്യം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതായും സര്‍ദേശായി അറിയിച്ചു. നേരത്തെ 2017 ല്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിസ്ഥാനം വഹിച്ചിരുന്നയാളാണ് വിജയ് സര്‍ദേശായി. ആ കാലഘട്ടത്തിൽ പരീക്കറുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ രൂപീകരിക്കാനായി വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു.

പക്ഷെ 2019 ല്‍ പരീക്കർ മരണപ്പെടുകയും തുടർന്ന് പ്രമോദ് സാവന്ത് അധികാരത്തിലെത്തുകയും ചെയ്തതോടെ ഈ മുന്നണി ബന്ധം തകരുകയായിരുന്നു.