കളമശ്ശേരി പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണ സംഘത്തെ വിപുലീകരിച്ചു

single-img
11 April 2021

കളമശേരി മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ച് ഏകദേശം ഒരുമാസമാകാറായിട്ടും അച്ഛന്‍ സനുമോഹന്‍ എവിടെയാണെന്നു കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന് ഏറെ വെല്ലുവിളിയാണ്.

കുട്ടി മുങ്ങി മരിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുണ്ടെങ്കിലും മകളെ പുഴയിലെറിഞ്ഞതിന് ശേഷം സനുമോഹന്‍ കടന്നുകളഞ്ഞതാണോ അതോ മറ്റാരെങ്കിലും ഇവരെ അപായപ്പെടുത്തിയതാണോയെന്ന സംശയമാണ് പൊലീസിന്റെ മുന്നിലുളളത്. വാളയാര്‍ ചെക്‌പോസ്റ്റ് വഴി സനുമോഹന്റെ കാര്‍ കടന്നുപോകുന്ന സി.സി.ടി.വി ദൃശ്യമാണ് കേസിലെ നിര്‍ണായക തെളിവ്.

ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. പത്തുപേരെ കൂടി പുതുതായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ടു സംഘം കോയമ്പത്തൂരിലും തമിഴ്‌നാട്ടിലും അന്വേഷണം തുടരുകയാണ്. ശേഷിക്കുന്നയാളുകള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നു. സനുമോഹന്‍ രാജ്യം വിട്ടേക്കാമെന്ന സംശയത്തില്‍ വിമാനത്താവളങ്ങളിലും പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 21നാണ് കാക്കനാട് താമസിക്കുന്ന ആലപ്പുഴ സ്വദേശി സനുമോഹനെയും മകള്‍ വൈഗയെയും കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തൊട്ടടുത്ത ദിവസം വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തുകയായിരുന്നു.