സിപിഎമ്മുകാർ ഗര്‍ഭിണിയെ മര്‍ദിച്ചതായി പരാതി; വിളവൂര്‍ക്കലില്‍ സിപിഎം ബിജെപി സംഘര്‍ഷം

single-img
8 April 2021

തിരുവനന്തപുരം മലയിൻകീഴ് വിളവൂര്‍ക്കലില്‍ സിപിഎം – ബിജെപി സംഘര്‍ഷം. പഞ്ചായത്ത് മെമ്പറായ ബിജെപി നേതാവിന്റെ ഗര്‍ഭിണിയായ മകളെ  ഉള്‍പ്പെടെ  സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. വിളവൂര്‍ക്കല്‍ പ‍ഞ്ചായത്തിലെ ബിജെപി അംഗം ശാലിനിയുടെ മകള്‍ ദേവുവിനാണ് ഇന്നലെ രാത്രി മര്‍ദനമേറ്റത്. യുവതിയെ തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപിയുടെ ആംബുലന്‍സും തകര്‍ത്തു.

ഇതിന്  തൊട്ടടുത്തുളള സിപിഎം അനുഭാവിയായ വിശാലാക്ഷിയുടെ വീടും ആക്രമിക്കപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് വീട്ടുടമസ്ഥയുടെ മൊഴി. കഴിഞ്ഞദിവസം രാത്രിയാണ് ഈ രണ്ട് സംഭവങ്ങളുമുണ്ടായത്.

വോട്ടെടുപ്പ് ദിവസം മുതല്‍ പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസത്തെ അക്രമസംഭവങ്ങളുണ്ടായത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. പരാതികളില്‍ അന്വേഷണം നടത്തിവരികയാണെന്ന് മലയിന്‍കീഴ് പോലീസ് അറിയിച്ചു.