സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു; ഇനി വരുന്ന മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്

single-img
8 April 2021

കേരളത്തില്‍ വരുന്ന മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പായതിനാല്‍ ഭൂരിപക്ഷം ആളുകളും പുറത്തിറങ്ങിയെന്നും ഇതിനാല്‍ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3500ലേക്ക് എത്തിയിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് ഇന്ന് കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ തന്നെ പരിശോധന കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിച്ചിട്ടുണ്ട്, തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു എന്നിവയെല്ലാം പരിഗണിച്ച് ജനങ്ങളുടെ ഭാഗത്തുനിന്ന് തന്നെ ഒരു സൂക്ഷ്മത ഉണ്ടാവേണ്ടതുണ്ട്. ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കാം: ബാക് ടു ബേസിക്സ് കാമ്പയിന്‍ ശക്തിപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. മാസ്‌ക് ധരിക്കുക, സാമൂഹ്യഅകലം പാലിക്കുക, പരിശോധന കൂട്ടുക എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും രോഗവ്യാപനം ഭീതിപ്പെടുത്തുന്ന രീതിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പല സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.